കോവിഡ് രോഗികൾക്കും ക്വാറന്റൈനില്‍ ഉള്ളവർക്കും തപാൽ വോട്ട് ഉണ്ടായിരിക്കും: തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഇത്തവണ തപാൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിഡ് രോഗികളുടെയും ക്വാറന്റൈനീല്‍ ഉളളവരുടെയും പട്ടിക തയ്യാറാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. പട്ടിക അനുസരിച്ചാണ് തപാൽ ബാലറ്റ് അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ആരോഗ്യ വകുപ്പ് തയ്യാറാക്കുന്ന പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും അവിടെ നിന്ന് അതിന്റെ ഒരു പകര്‍പ്പ് റിട്ടേണിംഗ് ഓഫീസേഴ്‌സിനും കൈമാറും. ഇതിൽ ഉൾപ്പെടുന്നവരുടെ വിശദാംശങ്ങള്‍ അനുസരിച്ച് തപാൽ ബാലറ്റ് പ്രത്യേക പോളിംഗ് ഓഫീസറും ഒരു പ്രത്യേക പോളിംഗ് അസിസ്റ്റന്റും പൊലീസുകാരനും അടങ്ങുന്ന സ്‌പെഷ്യല്‍ പോളിംഗ് സംഘം കോവിഡ് രോഗികളുടെ വീട്ടിലെത്തി ബാലറ്റ് കൈമാറും. ഇവരെ സ്‌പെഷ്യല്‍ വോട്ടറെന്നാണ് വിളിക്കുക.

സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ക്ക് മുമ്പാകെ വോട്ടര്‍ സത്യപ്രസ്താവന ഒപ്പിട്ട് നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ക്ക് ശേഷം വോട്ട് രേഖപ്പെടുത്താം. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ കവറിലാക്കി നല്‍കണം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് പേപ്പറുകളായിരിക്കും ഉണ്ടായിരിക്കുക. മൂന്നൂം പ്രത്യേക കവറുകളില്‍ സത്യവാങ്മൂലത്തിന് ഒപ്പം നല്‍കണം. ബാലറ്റ് പേപ്പര്‍ കൈമാറാന്‍ താത്പര്യമില്ലെങ്കില്‍ തപാല്‍ മാര്‍ഗം അയക്കാവുന്നതാണ്.

വീട്ടിൽ ബാലറ്റ് എത്തിക്കുന്ന കാര്യം വോട്ടറെ നേരത്തെ അറിയിക്കും. ഇത്തരത്തില്‍ ബാലറ്റ് കൊണ്ടുവരുന്നതിന് തുക ഈടാക്കില്ല. വോട്ടെടുപ്പിന് തലേന്ന് മൂന്നു മണി വരെ കോവിഡ് രോഗികളാകുന്നവര്‍ക്കാണ് ഈ സൗകര്യം. അതിന് ശേഷം കോവിഡ് പോസിറ്റീവായാല്‍ അവര്‍ക്ക് വേണ്ടി അവസാന ഒരു മണിക്കൂര്‍ നീക്കി വെയ്ക്കും. വൈകിട്ട് 6-ന് മറ്റ് വോട്ടര്‍മാര്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാത്രം ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുമെന്നും കമ്മീഷണര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.