ആംബുലന്‍സിൽ ലൈംഗിക അതിക്രമം നേരിട്ട കോവിഡ് ബാധിത ആത്മഹത്യയ്ക്ക് ശ്രമിച്ചു

Advertisement

ആംബുലൻസ് ഡ്രൈവറിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊറോണ ചികിത്സ മുറിയിലാണ് ആത്മഹത്യാശ്രമം നടന്നത്. നഴ്‌സുമാരും ആശുപത്രി സുരക്ഷ ജീവനക്കാരും  സമയത്ത് ഇടപെട്ടതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി.

ഉച്ചഭക്ഷണത്തിനു ശേഷം കുളിമുറിയിലേക്ക് പോയ പെണ്‍കുട്ടി പുറത്തു വരാന്‍ വൈകി. തുടര്‍ന്ന് നഴ്‌സുമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി അവ്യക്തമായി പ്രതികരിച്ചതല്ലാതെ വാതില്‍ തുറന്നില്ല. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി. അപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി. പരീക്ഷാവിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സെപ്റ്റംബർ 5-നാണ് ആറന്മുളയിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്. തുടർന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്