കോവിഡ് രോ​ഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയിൽ ​ഗുരുതര പിഴവ്

Advertisement

പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി. പാലക്കാട് സ്വദേശി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ആശുപത്രിയിൽ നിന്ന് നൽകിയത് അട്ടപ്പാടി സ്വദേശി വള്ളിയുടെ മൃതദേഹം.

സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്. പാലക്കാട് സ്വദേശിയായ ജാനകിയമ്മ കോവിഡ് ബാധിച്ചാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വെള്ളത്തിൽ കാൽവഴുതി വീണാണ് വള്ളി മരിക്കുന്നത്.

സംസ്കാരത്തിനായി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം ജീവനക്കാർ വള്ളിയുടെ മൃതദേഹമാണ് നൽകിയത്. കോവിഡ് ബാധിച്ച് മരിച്ചതിനാൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. അതുകൊണ്ട് തന്നെ മൃതദേഹം മാറിയ വിവരം ബന്ധുക്കൾക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.

വള്ളിയുടെ മരണം വെള്ളത്തിൽ വീണായതിനാൽ പോസ്റ്റ് മോർട്ടം നടപടികളുടെ ഭാഗമായി പൊലീസ് ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം മാറി നൽകിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ പിഴവിൽ അന്വേഷണം ആരംഭിച്ചു.