സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയാണ് മരിച്ചത്

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 75 വയസായിരുന്നു. മൊയ്തീന്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നെന്നും അതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്തും കണക്കാക്കുന്നത്.

ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ ഗൈഡ്‌ലൈന്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.  ഇതനുസരിച്ച് കോവിഡ് മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇക്കാര്യത്തില്‍ ആരോഗ്യരംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരിച്ചാല്‍ അതിനെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. ഗുരുതരമായ അസുഖങ്ങള്‍ ഉള്ള ഒരാള്‍ അത് മൂര്‍ച്ഛിച്ച് മരിക്കുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ പെടില്ല. ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.