കോവിഡ് വ്യാപനം; എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു

എറണാകുളത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും ടിപിആര്‍ 30 ന് മുകളിലായ സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. വിദ്യാഭ്യാസസ്ഥാപനങ്ങളുള്‍പ്പെടെ 11 ക്ലസ്റ്ററുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതീവജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും പരിശോധന വര്‍ധിപ്പിക്കുമെന്നും ക്വാറന്റീന്‍ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്നാഴ്ചക്കാലം രോഗവ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്നലെ ആയിരത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായി. തിരുവനന്തപുരത്ത് 4694ഉം എറണാകുളത്ത് 2637ഉം ആയിരുന്നു ഇന്നലത്തെ കണക്ക്.

ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലായി രോഗം കണ്ടെത്തുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നു. സംസ്ഥാനത്ത് 78 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ദിനംപ്രതി ഒമിക്രോണ്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. 48 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 528 ആയി.