സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും; അന്തർ സംസ്ഥാന യാത്രയ്ക്ക് പാസ് നിർബന്ധമാക്കിയേക്കും

ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതലയോഗം വിശദമായ ചര്‍ച്ച ചെയ്ത ശേഷം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കും. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് പാസുകള്‍ തുടരാനാണ് സംസ്ഥാനത്തിന്റെ നിലപാട്. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ അടക്കം വിശദമായ കൂടിയാലോചന നടത്തും.

അണ്‍ലോക്ക് എന്ന പേരില്‍ ജൂണ്‍ എട്ട് മുതല്‍ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പക്ഷേ കേന്ദ്ര നിര്‍ദ്ദേശപ്രകാരം എല്ലാ മേഖലകളും കേരളം തുറന്ന് കൊടുത്തേക്കില്ല. പാസ്സില്ലാതെയുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര തീരുമാനത്തില്‍ സംസ്ഥാനത്ത് കടുത്ത ആശങ്കയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്ര മേഖലകളില്‍ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകള്‍ എത്തുന്നതില്‍ ആരോഗ്യവിദഗ്ധര്‍ ഇതിനകം ആശങ്ക അറിയിച്ചു കഴിഞ്ഞു.

ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുന്നതിലും കേരളത്തിന് ആശങ്കയുണ്ട്. മുഖ്യമന്ത്രി മതമേലദ്ധ്യക്ഷന്മാര്‍ അടക്കമുള്ളവരുമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക. മാളുകളിലും ഹോട്ടലുകളിലും ഒരു സമയത്ത് എത്തുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തും. ഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ അതേപടി സ്വീകരിക്കാന്‍ കേരളം വിമുഖത കാണിക്കുന്നത്.

അതേസമയം കേരളത്തിലേക്ക് ഉള്‍പ്പടെ അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഭാഗികമായി പൊതുഗതാഗത സംവിധാനം അനുവദിച്ചെങ്കിലും അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അനുമതിയില്ല. തമിഴ്‌നാട്ടിലെ തീവ്രവബാധിത ജില്ലകളില്‍ ജൂണ്‍ 30 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പാസ്സ് ഉള്ളവരെ മാത്രമേ ജില്ലാ അതിര്‍ത്തികള്‍ കടത്തിവിടൂ.

കേന്ദ്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും, പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടിയതായി അറിയിച്ചു. തമിഴ്‌നാട്ടില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ തീവ്രബാധിത ജില്ലകളിലാണ് ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ തുടരുക. ഇവ ഒഴികെയുള്ള ജില്ലകളില്‍  കൂടുതല്‍ ഇളവ് ഏര്‍പ്പെടുത്തി. ഷോറൂമുകളും വലിയ കടകളും തുറക്കാം. അറുപത് ശതമാനം യാത്രക്കാരോടെ പൊതുഗതാഗതത്തിന് അനുമതിയുണ്ട്. കണ്ടൈയ്ന്‍മെന്റ് സോണില്‍ ഒഴികെ ഇന്നു മുതല്‍ ഓട്ടോ ടാക്‌സി സര്‍വീസുകള്‍ നടത്താം.