നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസ്; റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം

നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച് കോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസ്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.

പ്രതികാരമായി തനിക്കെതിരേ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നും റോഷന്‍ ആന്‍ഡ്രൂസ് അന്ന് വ്യക്തമാക്കി. ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെ താനും പരാതി നല്‍കിയതായും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.