നിരവധി സമന്‍സ് അയച്ചിട്ടും ഹാജരായില്ല; ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ കോടതിയുടെ നിര്‍ദേശം

സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാവാത്ത ബിജെപി നേതാവ് ശോഭ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. അഡീഷണല്‍ ജില്ലാ കോടതി (3)യാണ് വീണ്ടും വാറണ്ടയച്ചത്. കേസില്‍ വി മുരളീധരന്‍ എംപി ഉള്‍പ്പടെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തുവെങ്കിലും ശോഭ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് ഒരു തവണ വാറണ്ട് അയച്ചു. എന്നിട്ടും ഇവര്‍ കോടതിയില്‍ ഹാജരാകാന്‍ തയാറായില്ല.

2012ലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാശംവരുത്തിയതും ഗതാഗതം തടസപ്പെടുത്തിയതുമാണ് കേസ്. തുടക്കത്തില്‍ ജാമ്യമെടുത്തുവെങ്കിലും പിന്നീട് കേസ് നടപടികള്‍ക്ക് ഹാജരായില്ല. ശോഭ സുരേന്ദ്രന്റെ ജാമ്യക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ 54 പ്രതികളുണ്ട്. ഇതില്‍ ശോഭക്കൊപ്പം ബിജെപി പ്രവര്‍ത്തകനായ അനീഷുമാണ് ഹാജരാവാത്തത്. ഇരുവര്‍ക്കും രണ്ടാമതും വാറണ്ട് പുറപ്പെടുവിച്ചു. പുതുക്കാട് പൊലീസിനു നല്‍കിയ വാറണ്ടുപ്രകാരം ശോഭ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.

ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി നേരത്തെ ശോഭാ സുരേന്ദ്രന് 25000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു.