ജേക്കബ് തോമസിനെ വിടാതെ വേട്ടയാടി സര്‍ക്കാര്‍; ഹൈക്കോടതി തള്ളിയ ആരോപണത്തില്‍ വിജിലന്‍സ് കോടതിയില്‍ കേസ്

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതി കേസ് ചുമത്തി കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ച് വിജിലന്‍സ് കമ്മീഷന്‍. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് വാങ്ങിയതെന്നാണ് ആരോപണം. വിജിലന്‍സും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദവും ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Read more

ജേക്കബ് തോമസിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് പുതിയ കേസ്. കേരള കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ജേക്കബ് തോമസാണ്. എന്നാല്‍ 2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ലോക്സഭയിലേക്ക് കഴിക്കമ്പലത്തെ ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം തയ്യാറെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ജോലി രാജിവെയ്ക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കാലാവധി കാരണം പറഞ്ഞ് സര്‍ക്കാര്‍ ഇതു തള്ളുകയായിരുന്നു.