കൊറോണ; വീഴ്ച വരുത്തിയ ടീ കൗണ്ടി മാനേജർക്ക് എതിരെ നടപടിക്ക് ശിപാർശ ചെയ്ത് ജില്ലാ കളക്ടർ

കൊറോണ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് മൂന്നാർ കെടിഡിസി ടീ കൗണ്ടി ഹോട്ടൽ മാനേജരുടെ വീഴ്ച ശരിവെച്ച് ഇടുക്കി ജില്ല കളക്ടർ. ടൂറിസം സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ മാനേജർക്കെതിരെ വിമർശനം ഉന്നയിച്ച ജില്ലാ കളക്ടർ മാനേജർ ട്രാവൽ ഏജൻസിക്ക് വേണ്ടി ഒത്താശ ചെയ്തെന്നും ഇദ്ദേഹത്തിന് എതിരെ നടപടി എടുക്കണമെന്നും പറയുന്നു.

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് മൂന്നാറിലെ കെടിഡിസി ടീ കൗണ്ടി ഹോട്ടൽ അധികൃതർ വരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് ജില്ലാ കളക്ടറുടെ കണ്ടെത്തൽ. ആരോഗ്യ വകുപ്പിന്‍റെ നി‍ർദ്ദേശങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ പാലിച്ചില്ല. നിരീക്ഷണത്തിലുള്ള വിദേശ വിനോദസഞ്ചാരിയുടെ യാത്രയ്ക്ക് കൊവിഡ്-19 ഇല്ലെന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാൽ ബ്രിട്ടീഷ് പൗരൻ മൂന്നാർ വിട്ടത് ഈ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ്.

ബ്രിട്ടീഷ് പൗരൻ 14 ദിവസം നിരീക്ഷണത്തിലിരിക്കണം എന്ന നിർദ്ദേശവും ലംഘിച്ചു. വിവരങ്ങൾ ദിശയെ അറിയിക്കണമെന്ന നിർദ്ദേശവും പാലിച്ചില്ല. മാർച്ച് 13- നാണ് ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കിയത്. എന്നാൽ ടീ കൗണ്ടി റിസോർട്ടിൽ ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിലും വീഴ്ചയുണ്ടായി. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചു. ജീവനക്കാർക്ക് മാസ്കും സാനിറ്റൈസറും മാനേജർ ലഭ്യമാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.