പൊലീസ് നിയമ ഭേദഗതി; നിർദേശങ്ങൾ പരിഗണിക്കുമെന്ന് സി.പി.എം കേന്ദ്രനേതൃത്വം

സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാൻ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊലീസ് നിയമ ഭേദഗതിയിൽ ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പ്രതികരണം.

അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം എന്ന് കടുത്ത വിമര്‍ശനങ്ങൾ ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുന്നത്. ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകും.

പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത അതൃപ്തിയാണ് കേന്ദ്ര നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകണമെന്ന നിലപാട് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്.

പൊലീസ് നിയമഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിനോ എതിരാകില്ലെന്ന് മുഖ്യമന്ത്രിയും  വിശദീകരിച്ചിരുന്നു. വ്യക്തിഗത ചാനലുകളുടെ ദുരുപയോഗത്തെയും സൈബര്‍ ആക്രമണങ്ങളെയും നിയന്ത്രിക്കാനാണ് നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.

Read more

എന്നാല്‍, നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  പൊലീസ് നിയമഭേദഗതിയിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.