സര്‍ക്കാരിന് എതിരെ കലാപം ഉണ്ടാക്കാന്‍ ഗൂഢാലോചന; കെ.ടി ജലീലിന്റെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്‌ന സുരേഷിനും പി സി ജോര്‍ജ്ജിനുമെതിരെ കെ ടി ജലീല്‍ നല്‍കിയ പരാതി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സര്‍ക്കാരിന് എതിരെ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.

സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനും എതിരെ കേസെടുക്കണമെന്ന തീരുമാനം ഡി.ജി.പി അനില്‍കാന്തിനെയും എ.ഡി.ജി.പി വിജയ് സാഖറയെയും വിളിച്ച് വരുത്തി മുഖ്യമന്ത്രിയാണ് അറിയിച്ചത്. എഡിജിപി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനും പുതിയ അന്വേഷണ സംഘത്തിലുണ്ടാകും. ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്വപ്നയുടെയും പി സി ജോര്‍ജിന്റെയും വാര്‍ത്താസമ്മേളനങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കും. സോളാര്‍ കേസിലെ പ്രതിയായ സരിതയെയും ചോദ്യം ചെയ്‌തേക്കും.

കെടി ജലീല്‍ നല്‍കിയ പരാതിയില്‍ ഇന്നലെയാണ് തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, കലാപത്തിന് ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാമെന്ന നിയമോപദേശം വന്നതിന് പിന്നാലെയാണിത്. മൂന്ന് ആരോപണങ്ങളാണ് ജലീലിന്റെ പരാതിയിലുള്ളത്. തന്നെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തി. അതിന് പിന്നില്‍ സ്വപ്നയും പി.സി.ജോര്‍ജും ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചനയുണ്ട്. അത് വഴി നാട്ടില്‍ കലാപം സൃഷ്ടിക്കുന്നു എന്നുമാണ് പരാതിയിലുള്ളത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നുണപ്രചാരണത്തിലൂടെ ഇടത് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. വലിയ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് ആരാണെന്ന് മാധ്യമങ്ങളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താനാണ് പരാതിയെന്നും ജലീല്‍ പറഞ്ഞിരുന്നു.