ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് കോടതി പരിഗണിക്കും. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലുള്ള മതവിദ്വേഷ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജും കോടതിയെ സമീപിക്കും.

സ്വര്‍ണക്കത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. ഗൂഢാലോചന നടത്തിയത് താനല്ല, ജലീലും കൂട്ടരുമാണെന്നും സ്പ്‌ന പറയുന്നു. രഹസ്യമൊഴിയില്‍ ജലീലിനെതിരെ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും കഴിഞ്ഞദിവസം സ്വപ്ന അറിയിച്ചിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജ് വ്യക്തമാക്കി. കോടതിക്ക് നല്‍കിയ രഹസ്യമൊഴിയിലെ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. ഇത് ഗൂഢാലോചനയുടെ പരിധിയില്‍ വരില്ലെന്ന് സ്വപ്നയും പറഞ്ഞിരുന്നു.

Read more

പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ സെക്ഷന്‍ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന് കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോണ്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.