ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചന: യു.ഡി.എഫിനും പങ്കുണ്ട്, അന്വേഷണം വേണമെന്ന് ഇ.പി ജയരാജന്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരയുള്ള ആരോപണങ്ങള്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച കഥകളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ തന്നെ മാധ്യമങ്ങളില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന മാഫിയ ഭീകര പ്രവര്‍ത്തനമാണ്. ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിക്കണം. സംഭവത്തില്‍ യുഡിഎഫിനും പങ്കുണ്ട്. അതുകൊണ്ടാണ് ആരോപണം വന്നതിന് പിന്നാലെ അവര്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങളെല്ലാം സ്വപ്ന നേരത്തെ പറഞ്ഞിട്ടുള്ളത് തന്നെയാണ്. മാധ്യമങ്ങള്‍ അവസരം കൊടുക്കുന്നതുകൊണ്ടാണ് ഇത്തരം ആരോപണങ്ങളുമായി മാഫിയ പ്രവര്‍ത്തകര്‍ വീണ്ടും വരുന്നത്. ഇതിന് ഒരു അറുതിവരുത്താന്‍ വേണ്ട ഇടപെടല്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം താന്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്‌ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ട് അതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്. തന്റെ മൊഴിയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു അജണ്ടയുമില്ല. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്‌നമില്ലെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസിലെ പ്രതിയായ സരിതയെ അറിയില്ലെന്നും അവര്‍ പറഞ്ഞു. താനും സരിതയും ഒരേ ജയിലിലുണ്ടായിരുന്നു. എന്നാല്‍ ഒരു ഹായ് പോലും അവരോട് പറഞ്ഞിട്ടില്ലെന്നും സഹായിക്കാമെന്ന് പറഞ്ഞ് സരിത നിരന്തരം തന്റെ അമ്മയെ വിളിച്ച് ശല്യം ചെയ്തു. സരിതയുള്‍പ്പെടെയുള്ളവര്‍ തന്റെ രഹസ്യമൊഴി സ്വകാര്യ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പി സി ജോര്‍ജ്ജിനെ തനിക്ക് വ്യക്തിപരമായി അറിയില്ല. ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.