'ഉമ്മന്‍ചാണ്ടി നയിക്കും യു.ഡി.എഫ് ജയിക്കും'; തിരുവനന്തപുരത്ത് പ്രവർത്തകരുടെ വക സ്വീകരണവും പുഷ്പവൃഷ്ടിയും

ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം ഉമ്മൻചാണ്ടിയും ചെന്നിത്തലയും തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്തെത്തിയ ഉമ്മൻചാണ്ടിക്ക് വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ഉമ്മന്‍ചാണ്ടി നയിക്കും യുഡിഎഫ് ജയിക്കും എന്ന പ്ലക്കാര്‍ഡുകളും പൂമാലകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

തിരഞ്ഞെടുപ്പ് മേൽനോട്ട ചുമതലക്കായി രൂപീകരിച്ച പത്തംഗ സമിതിയുടെ തലവൻ ഉമ്മൻചാണ്ടിയെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പക്ഷേ അണികൾക്ക് അതൊന്നും വിഷയമല്ലായിരുന്നു. നേതാക്കൾ തലസ്ഥാനത്ത് വിമാനം ഇറങ്ങുന്നതിന് മുമ്പേ അണികൾ വിമാനത്താവളത്തിൽ ഒത്തുചേർന്നു.

ഉമ്മൻചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച അണികൾ ഇടക്കൊരു വട്ടം ചെന്നിത്തലക്കും ജയ് വിളിച്ചു. നേതാക്കളിൽ ചെന്നിത്തലയാണ് ആദ്യം പുറത്തുവന്നത്. വലിയ ആവേശം ആരിലും കണ്ടില്ല. ഉമ്മൻചാണ്ടിയെത്തിയതോടെ പുഷ്പവൃഷ്ടിയായി. മാധ്യമങ്ങൾക്ക് പിടി തരാതെ അദ്ദേഹം നേരെ തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലേക്ക് മടങ്ങി.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഉമ്മന്‍ചാണ്ടി നയിക്കണമെന്ന് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ആവശ്യമുയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. ഇതിനെ തുടര്‍ന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ  തിരഞ്ഞെടുത്തത്. തെിരഞ്ഞെടുപ്പ് സമിതിയുടെ അദ്ധ്യക്ഷ പദവിക്കൊപ്പം, തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ രൂപവത്കരിക്കാനുള്ള ചുമതലയും ഉമ്മന്‍ചാണ്ടിക്കാണ്.