ഇടുക്കിയിലെ കര്‍ഷക സമരത്തില്‍ നിന്നും യു.ഡി.എഫ് പിന്‍വലിഞ്ഞു; ഹര്‍ത്താല്‍ മാറ്റി

ഇടുക്കി ജില്ലയിലെ തുടര്‍ച്ചയായി ഉണ്ടാകുന്ന കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഒന്‍പതിന് നടത്താന്‍ നോട്ടിസ് നല്‍കിയിരുന്ന ഹര്‍ത്താല്‍ മാറ്റി. ഈ മാസം അഞ്ചിന് ജില്ലയില്‍ നടത്താനിരുന്ന വില്ലേജ് ഓഫിസിനു മുന്നിലെ ധര്‍ണകളും മാറ്റി. മറ്റൊരു ദിവസം ഹര്‍ത്താല്‍ നടത്തണോ എന്ന കാര്യം ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 6ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കട്ടപ്പന മുനിസിപ്പല്‍ മൈതാനത്ത് ഉപവസിക്കും. ഉപവാസ സമരം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.െജ. ജോസഫ് എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

Read more

അതേസമയം, ജീവനൊടുക്കിയ കര്‍ഷകരിലധികവും കാര്‍ഷികവായ്പകളല്ല എടുത്തിരിക്കുന്നതെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കൃഷിനാശത്തിന്റെയോ വിളയുടെ വിലക്കുറവിന്റെയോ പേരിലല്ല ഈ ആത്മഹത്യകള്‍. അതിനാല്‍ ഉത്തരേന്ത്യന്‍ സാഹചര്യങ്ങളുമായി താരതമ്യമില്ല. ജീവനൊടുക്കിയവര്‍ക്ക് ആര്‍ക്കും കാര്‍ഷികവായ്പയുടെ പേരില്‍ ജപ്തി നടപടി നേരിടേണ്ടിവന്നിട്ടില്ല. കാര്‍ഷികേതരവായ്പകളുടെ പേരിലാണു ജപ്തി നോട്ടീസുകള്‍ ലഭിച്ചത്.ഇത്തരക്കാരെയും സഹായിക്കാന്‍ കഴിയുമോയെന്നാണു സര്‍ക്കാര്‍ പരിശോധിക്കുന്നത്. സാങ്കേതികമായി അതു സാധ്യമല്ല. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.