കോണ്‍ഗ്രസ് പിഴുത കുറ്റി ജനങ്ങള്‍ പുനഃസ്ഥാപിച്ചു; നഷ്ടപരിഹാരം ഉറപ്പ് വരുത്തുമെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പിഴുതെറിഞ്ഞ സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് ജനങ്ങള്‍ പുന:സ്ഥാപിച്ചു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള കെ-റെയില്‍ ബോധവല്‍ക്കരണ ഗൃഹസന്ദര്‍ശത്തിനിടെ ആണ് കല്ലുകള്‍ പുന്ഃസ്ഥാപിച്ചത്. സര്‍ക്കാര്‍ കൂടെയുണ്ടെന്നും, സ്ഥലം വിട്ട് പോകേണ്ടവരുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് കല്ലുകള്‍ തിരികെ സ്ഥാപിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചത്.

ഏത് വികസന പദ്ധതി വരുമ്പോഴും പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് ആശങ്ക സ്വാഭാവികമാണ്. അത് വസ്തുതകള്‍ പറഞ്ഞുകൊണ്ട് പരിഹരിച്ചു മുന്നോട്ട് പോകുകയാണ് വേണ്ടത്.

എന്നാല്‍ വൈകാരികതയെ മുതലെടുത്തു കൊണ്ട് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ് കോണ്‍ഗ്രസും ബി.ജെ.പി യും മറ്റ് തട്ടിക്കൂട്ട് സംഘടനകളും ചെയ്യുന്നത്. പദ്ധതിയോടുള്ള എതിര്‍പ്പല്ല, ഇടതുപക്ഷ വിരോധം മാത്രമാണ് ഇവര്‍ക്കുള്ളതെന്ന് സജി ചെറിയാന്‍ ആരോപിച്ചു.

തെറ്റിദ്ധാരണകള്‍ അകലുമ്പോള്‍ ആളുകള്‍ പദ്ധതിയെ എതിര്‍ക്കുന്നില്ല എന്നാണ് ഗൃഹസന്ദര്‍ശനത്തില്‍ നിന്നുള്ള അനുഭവമെന്ന് സജി ചെറിയാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ സര്‍വ്വേ നടപടികള്‍ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സര്‍വ്വേ പുനരാരംഭിക്കാമെന്നാണ് കോടതി അറിയിച്ചത്.

ഇതിന് പിന്നാലെ സില്‍വര്‍ലൈന്‍ സര്‍വ്വേയുടെ ഭാഗമായി സര്‍വ്വേ കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.സര്‍വേ നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. സര്‍വേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തത ഇല്ലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.