കോണ്‍ഗ്രസ് നേതാക്കള്‍ പാലായിലേക്ക്; സര്‍ക്കാരിന് രക്തം നക്കിക്കുടിക്കുന്ന ചെന്നായയുടെ സ്വഭാവമെന്നും സുധാകരന്‍

രക്തം നക്കിക്കുടിക്കുന്ന ചെന്നായയുടെ സ്വഭാവമാണ് സര്‍ക്കാരിനെന്ന് കെ സുധാകരന്‍. രണ്ട് മതങ്ങള്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്ന് ഇറ്റുവീഴുന്ന ചോര കുടിക്കുന്ന ചെന്നായയുടെ, കഴുകന്റെ മാനസികാവസ്ഥയാണ് സര്‍ക്കാരിനെന്ന രൂക്ഷവിമര്‍ശനമാണ് സുധാകരന്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് മതസമുദായ ധ്രുവീകരണത്തില്‍ സ്വീകരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സാമുദായിക സമവായം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്, അത് ഇല്ലാതായതോടെയാണ് കോണ്‍ഗ്രസ് മതമേലദ്ധ്യക്ഷന്മാരെ കണ്ട് സമവായ നീക്കവുമായി മുന്നിട്ടിറങ്ങിയതെന്നും സുധാകരന്‍ കോട്ടയത്ത് പറഞ്ഞു.

ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം. ഇന്ന് ഉച്ചയ്ക്ക് പാലാ ബിഷപ്പിനെ കാണുമെന്നും സുധാകരന്‍ പറഞ്ഞു.

കെ സുധാകരനും, വി ഡി സതീശനും ഇന്ന് രാവിലെയാണ് ചങ്ങനാശേരി ബിഷപ്പിനെ സന്ദര്‍ശിച്ചത്. നേരത്തെ പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയ സതീശന്‍ പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു.