കെ.പി.സി.സി ജനറൽ സെക്രട്ടറി പി രാമകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും  മുന്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ

പി രാമകൃഷ്ണന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.അന്തരിച്ച പ്രഹ്ളാദന്‍ ഗോപാലന്‍ എന്ന പ്രമുഖനായ നേതാവിന്റെ സഹോദരനാണ് പി. രാമകൃഷ്ണന്‍.

പടയാളി എന്ന സായാഹ്ന പത്രത്തിലൂടെ തന്റെ കോണ്‍ഗ്രസ് നിലപാടുകളും ആദര്‍ശവും ഉയര്‍ത്തിപ്പിടിച്ചിരുന്ന വ്യക്തിയായിരുന്നു പി. രാമകൃഷ്ണന്‍. പത്രത്തെ ഒരധികാര ശക്തിക്കും കീഴ്പ്പെടുത്തില്ല എന്ന് പ്രഖ്യാപിച്ച് പടയാളിയെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു.

മൂന്‍ ഡി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി നിരന്തരം കലഹിക്കുകയും കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ചടുലമാക്കുകയും ചെയ്ത നേതാവുകൂടിയായിരുന്നു അദ്ദേഹം. കുറച്ചുകാലം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ഖാദി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചു.

സ്വകാര്യ സ്വത്ത് സമ്പാദനത്തില്‍ താത്പര്യമില്ലാതിരുന്ന ഇദ്ദേഹം സ്വന്തം സ്വത്ത് വിറ്റ് പത്രം നടത്തുന്ന സാഹചര്യമുണ്ടായി. ഇത്തരത്തില്‍ ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്ന നേതാവിനെയാണ് കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസിന് നഷ്ടമായത്.