സി.പി.എമ്മിന് എതിരെ കള്ളം പറയുന്നതിൽ കോൺഗ്രസ്‌- ബി.ജെ.പി നേതാക്കൾ ഭായി ഭായി: എം. വി ജയരാജൻ

സി.പി.ഐ.എമ്മിനെതിരെ കള്ളം പറയുന്നതിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും കോൺഗ്രസ്‌ – ബിജെപി നേതാക്കൾ ഭായി ഭായിമാരാണെന്ന് സി.പി.എം നേതാവ് എം വി ജയരാജൻ. എഫ് ഐ ആർ ഉയർത്തിക്കാട്ടിയ 1969 ലെ ഒരു കേസിൽ അന്ന് സിപിഐഎം തലശ്ശേരി മണ്ഡലം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രതിയായിരുന്നു എന്നാണ് കെപിസിസി പ്രസിഡന്റിന്റെ പുതിയ കണ്ടുപിടുത്തം. . കെ. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞയുടൻ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരനും അതേ കാര്യം ഏറ്റുപിടിച്ചു എന്നും എം വി ജയരാജൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എം വി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

കോൺഗ്രസ്‌ – ബിജെപി ഭായി ഭായി
==================

കെ. സുധാകരൻ കെപിസിസി പ്രസിഡന്റ്‌ ആയതോടെ കോൺഗ്രസ്‌ – ബിജെപി ഭായി ഭായി മാരായിട്ടാണ് സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും എതിർക്കുന്നത്. തക്കം കിട്ടുമ്പോൾ ബിജെപിയിലേക്ക് ചേക്കേറാൻ നോട്ടമിട്ടിരിക്കുന്നയാളാണ് താണെന്നും നിരവധി തവണ കെ. സുധാകരൻ തന്നെ പരസ്യമായിട്ട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐഎമ്മിനെതിരെ മാത്രമല്ല ഇപ്പോൾ സിപിഐക്കെതിരെയും കെപിസിസി പ്രസിഡന്റ്‌ രംഗത്തിറങ്ങുകയാണ്.

എഫ് ഐ ആർ ഉയർത്തിക്കാട്ടിയ 1969 ലെ ഒരു കേസിൽ അന്ന് സിപിഐഎം തലശ്ശേരി മണ്ഡലം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രതിയായിരുന്നു എന്നാണ് കെപിസിസി പ്രസിഡന്റിന്റെ പുതിയ കണ്ടുപിടുത്തം. FIR പ്രകാരം ഒരു കൊലക്കേസിലും ഒട്ടേറെ വധശ്രമക്കേസിലും പ്രതിയാണ് കെ. സുധാകരൻ. ഭരണസ്വാധീനവും പണവുമുപയോഗിച്ച് പിന്നീട് രക്ഷപ്പെട്ടു. കെ. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞയുടൻ കേന്ദ്ര സഹമന്ത്രിയും അതേ കാര്യം ഏട്ടുപിടിച്ചു. കണ്ടോത്ത് ഗോപിയെന്ന RSS കാരനെ കണ്ണൂരിൽ നിന്ന് എറണാകുളത്തെത്തിച്ച് വാർത്താസമ്മേളനം നടത്തിയ കെപിസിസി അധ്യക്ഷൻ മുഖ്യമന്ത്രി മുൻപ് MLA ആയിരുന്നപ്പോൾ ഗോപിയെ വെട്ടിയെന്ന് കള്ളം പറയുകയുണ്ടായി. “പിണറായി വിജയനെതിരെ വധശ്രമക്കേസിന് കേസെടുക്കണമെന്നും” ആവശ്യം കെ സുധാകരൻ പറയാൻ വിട്ടുപോയപ്പോൾ കേന്ദ്രസഹമന്ത്രിയാണ് മാധ്യമപ്രവർത്തകരോട് ഉടൻ പറഞ്ഞത്.

കള്ളം ആവർത്തിക്കുന്ന സുധാകരൻ പിണറായി വിജയൻ 1970 ൽ കൂത്തുപറമ്പിൽ നിന്നും ജയിച്ചത് RSS വോട്ടുകൊണ്ടാണെന്ന പച്ച നുണപോലും തട്ടിവിട്ടു. സി.പി.ഐ.എമ്മിനെതിരെ കള്ളം പറയുന്നതിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും കോൺഗ്രസ്‌ – ബിജെപി നേതാക്കൾ ഭായി ഭായി മാരാണ്. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.