ഇത് കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കും; കേരള സ്‌റ്റോറി നിരോധിക്കണമെന്ന് കോണ്‍ഗ്രസ്

‘ദി കേരള സ്റ്റോറി’യുടെ വിവാദ ടീസര്‍ പുറത്തുവന്നതോടെ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടായിരുന്നു് ‘കേരളാ സ്റ്റോറി’യുടെ ടീസര്‍ റിലീസ് ആയത്. ടീസര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ‘ഞാന്‍ സിനിമയുടെ ടീസര്‍ കണ്ടു, ഇത് തെറ്റായ വിവരമാണ്.

കേരളത്തില്‍ അങ്ങനെയൊന്നും നടക്കുന്നില്ല. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ്. ഇത് വിദ്വേഷം പരത്തും, അതിനാല്‍ സിനിമ നിരോധിക്കണം. സാധാരണ ഗതിയില്‍ ഞങ്ങള്‍ സിനിമ നിരോധിക്കുന്നതിന് എതിരാണ്, എന്നാല്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും’ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

‘സംസ്ഥാന പൊലീസിന്റെ പക്കല്‍ രേഖകളൊന്നുമില്ല, ഇന്റലിജന്‍സിന്റെ പക്കല്‍ രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവരത് പുറത്ത് വിടട്ടെ. ഇതാണ് രേഖകള്‍, ഇതാണ് സ്ത്രീകളുടെ പട്ടിക, ഇതാണ് ഐഎസില്‍ ചേര്‍ന്ന സ്ത്രീകളുടെ വിലാസം, അവരെ കേരളത്തില്‍ എവിടെ നിന്ന് റിക്രൂട്ട് ചെയ്തു, എന്നിങ്ങനെ പൊതുജനങ്ങളെ അറിയിക്കണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സംസ്ഥാനത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സിനിമ നിരോധിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന് ലഭിച്ച പരാതി. പരാതി ലഭിച്ചതിന് പിന്നാലെ സിനിമയ്ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു. പൊലീസ് ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഡിജിപിയുടെ നിര്‍ദേശം. സിനിമയുടെ ടീസറില്‍ നിയമവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡിജിപി കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

അതേസമയം, സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു.