കേരള സർവകലാശാല പ്രൊഫസർമാരുടെ ഗവേഷണ പ്രബന്ധങ്ങളില്‍ ഡാറ്റ തട്ടിപ്പെന്ന് പരാതി

കേരള സർവകലാശാല പ്രൊഫസർമാരുടെ ഗവേഷണ പ്രബന്ധങ്ങളില്‍ ഡാറ്റ തട്ടിപ്പെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് ഗവർണർ, യുജിസി ചെയർമാൻ, കേരള വൈസ് ചാൻസലർ എന്നിവർക്ക് സേവ് യൂണിവേഴ്‌സിറ്റി സമിതി പരാതി നൽകി. മുൻ എം.പി പി.കെ ബിജുവിൻറെ ഭാര്യ ഡോ. വിജി വിജയൻ സ്വന്തം ഗവേഷണ പ്രബന്ധത്തിൽ മറ്റ് പ്രബന്ധങ്ങളിൽ നിന്നുള്ള വിവരങ്ങൾ അനധികൃതമായി പകർത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ പരാതി. തട്ടിപ്പ് നടത്തിയ അധ്യാപകരിൽ വിജി വിജയന്റെ ഗവേഷക ഗൈഡും ഉണ്ടെന്നാണ് ആക്ഷേപം.

വിജി വിജയന്റെ ഗവേഷക ഗൈഡും സർവകലാശാല സെനറ്റ് അംഗവുമായ ഹെലൻ ആൻറണി, വിജിയെ സർവകലാശാലയിൽ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി അംഗമായിരുന്ന പ്രൊഫസർ മിനി, പി.എ ജനീഷ് എന്നിവരുടെ പ്രബന്ധങ്ങൾക്ക് എതിരെയാണ് പരാതി.

ബയോകെമിസ്ട്രിയിലെ ഗവേഷണ പ്രബന്ധങ്ങളിൽ നിന്ന് ചിത്രങ്ങളടക്കം വിവരങ്ങൾ പകർത്തിയെടുത്ത് സ്വന്തം പ്രബന്ധങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് കണ്ടുപിടിക്കാനായി രൂപംനൽകിയ “പബ് പിയർ” എന്ന വെബ് പോർട്ടൽ വഴിയാണ് ഇത് കണ്ടെത്തിയത്. തെളിവുകള്‍ അടക്കമാണ് ഗവർണർക്കും യുജിസി ചെയർമാനും പരാതി നല്‍കിയതെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ ഖാന്‍ എന്നിവര്‍ അറിയിച്ചു. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ തടയണമെന്നും സമതി ആവശ്യപ്പെട്ടു.

പകര്‍ത്തലിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ പ്രബന്ധങ്ങളിലെ തെറ്റുകള്‍ മനസ്സിലാക്കാനുള്ള മാര്‍ഗമായാണ് പബ് പിയറിനെ താന്‍ കണ്ടിട്ടുള്ളതെന്ന വാദവുമായി വിജി വിജയന്‍ പ്രതികരിച്ചിരുന്നു. തന്റേതില്‍ മാത്രമല്ല മറ്റു പലരുടെയും പ്രബന്ധങ്ങളില്‍ ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടെന്നു കൂടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി മറ്റ് അധ്യാപകരുടെ പ്രബന്ധങ്ങള്‍കൂടി പബ് പിയര്‍ വഴി പരിശോധനക്ക് വിധേയമാക്കിയത്.