ജലീലിന് എതിരായ പരാതി; ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി

കശ്മീരിനെപ്പറ്റിയുള്ള വിവാദ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീല്‍ എം.എല്‍എക്കെതിരായ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനും സുപ്രിംകോടതി അഭിഭാഷകനുമായ ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്.

കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും ഡല്‍ഹി തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലുമാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ജലീലിനെതിരെ കേസെടുക്കുന്നതില്‍ ഡല്‍ഹി പൊലീസ് നിയമോപദേശം തേടിയിരുന്നു. പരാതി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്‌സോയ്ക്ക് കൈമാറുകയും ചെയ്തു.

പരാതിയില്‍ നടപടി വൈകുന്നതിനാല്‍ ന്യൂഡല്‍ഹി ഡിസിപിക്കും ജി.എസ് മണി പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയില്‍ ഡല്‍ഹി പൊലീസ് നടപടി തുടങ്ങിയത്.