’ദേശീയ അന്വേഷണ ഏജൻസികൾ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമായി മാറുന്നു’; ഇ.ഡിക്ക് എതിരെ എം.സ്വരാജിന്റെ അവകാശലംഘന നോട്ടീസ്

നിയമസഭയുടെ മേശപ്പുറത്ത് വെയ്‌ക്കാത്ത സിഎജി റിപ്പോർട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം സഭയുടെ അവകാശലംഘനമാണെന്നു കാണിച്ച് എം സ്വരാജ് എംഎൽഎ സ്പീക്കർക്ക് പരാതി നൽകി.

ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയത്. പരിധി വിട്ട് പ്രവർത്തിച്ച ഇ ഡിക്കെതിരെ നടപടി വേണമെന്ന് എം എൽ എ നോട്ടീസിൽ ആവശ്യപ്പെട്ടു.

ദേശീയാന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന്റെ ഉപകരണമാക്കി മാറ്റുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കിഫ് ബിക്കെതിരെയുള്ള ഇഡി അന്വേഷണമെന്ന് എം സ്വരാജ് എം എൽ എ ചൂണ്ടിക്കാട്ടി.

സി എ ജി റിപ്പോർട്ടിൽ ഇ.ഡി അന്വേഷണം തുടങ്ങിയെന്ന വാർത്ത ചോർത്തിയത് ഇ.ഡി തന്നെയാണ്. സിഎജി റിപ്പോർട്ടിലെ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചുവെന്നാണ് വാർത്തകൾ.

ഇ.ഡിയിലെ ഒരാൾ അയച്ചുവെന്ന് പ്രചരിപ്പിക്കുന്ന വാട്സാപ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് പരിശോധിക്കേണ്ടത് നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. ന്യായീകരിക്കാനാവാത്ത രാഷ്ട്രീയ ദാസ്യവേലയാണ് എല്ലാ പരിധിയും ലംഘിച്ച് ഇ.ഡി ചെയ്യുന്നതെന്നും സ്വരാജ് പറഞ്ഞു.