സര്‍ക്കാരിന് പോലും വേണ്ടാതെ കൊക്കോണിക്‌സ്; കേരള ബ്രാന്‍ഡ് ലാപ്‌ടോപിന് തിരിച്ചടി

കേരളത്തിന്റെ സ്വന്തം “കൊക്കോണിക്സ്” ലാപ്‌ടോപ്പിന് സർക്കാർ തീരുമാനം തിരിച്ചടിയാവുന്നു. സംസ്ഥാനതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ലക്ഷം ലാപ്‌ടോപ് നല്‍ക്കാനുള്ള പദ്ധതിയില്‍ കൊക്കോണിക്‌സിന് പങ്കെടുക്കാനാവില്ല.

പദ്ധതിയുടെ ഭാഗമാവാന്‍ ടെണ്ടര്‍ വിളിക്കുന്ന കമ്പനികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഒറ്റ ഓര്‍ഡറില്‍ കുറഞ്ഞത് 10,000 ലാപ്‌ടോപ്പുകള്‍ വില്‍ക്കണമെന്നാണ് വ്യവസ്ഥ.

ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ തോതില്‍ നല്‍കാനായി തയ്യാറാക്കിയ കൊക്കോണിക്‌സിന് തീരുമാനം തിരിച്ചടിയായി. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറങ്ങിയ കൊക്കോണിക്‌സ് ഇതുവരെ അഞ്ചായിരത്തില്‍ താഴെ ലാപ്‌ടോപ്പുകള്‍ മാത്രമാണ് വില്‍പ്പന നടത്തിയത്.

ഇതോടെ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കമ്പനിക്ക് കഴിയില്ല. ഐ.ടി മിഷന്‍ തയ്യാറാക്കിയ ടെണ്ടര്‍ വ്യവസ്ഥ വന്‍കിട കമ്പനികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണ് കൊക്കോണിക്‌സ്. സര്‍ക്കാരിന് പ്രതിവര്‍ഷം ആവശ്യം വരുന്ന ഒരു ലക്ഷം ലാപ്‌ടോപ്പുകള്‍ നിശ്ചത നിരക്കില്‍ തയ്യാറാക്കാനാണ് മണ്‍വിളയില്‍ കൊക്കോണിക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്.