കോസ്റ്റ് ഗാര്‍ഡ് അക്കാദമി; വികസനകാര്യത്തില്‍ വി. മുരളീധരന്‍ രാഷ്ട്രീയം കളിച്ചെന്ന് എളമരം കരീം

കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമായതില്‍ സംസ്ഥാന സര്‍ക്കാരിന്റ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചിട്ടില്ലെന്ന് എളമരം കരീം എം.പി. സംസ്ഥാനത്തിന് നഷ്ടമായതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്നും എളമരം കരീം പറഞ്ഞു.

അക്കാദമി സ്ഥാപിക്കാന്‍ വേണ്ടി ഏറ്റെടുത്ത സ്ഥലം ചതുപ്പ് നിലമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. മന്ത്രി ആ സ്ഥലം പോലും കണ്ടിട്ടില്ല. വി. മുരളീധരന്‍ കേരളത്തിന്റെ താത്പര്യത്തോടൊപ്പമായിരുന്നു നില്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ വികസനകാര്യത്തില്‍ കേന്ദ്രമന്ത്രി രാഷ്ട്രീയം കളിച്ചെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ എളമരം കരീം എംപിയെ രേഖാമൂലം അറിയിക്കുകയായിരുന്നു.