യു.എ.പി.എ കേസ്; തല്‍ക്കാലം ഇടപെടേണ്ടെന്ന നിലപാടില്‍ മുഖ്യമന്ത്രി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ കോഴിക്കോട്ടെ യുവാക്കള്‍ക്കെതിരെ ചുമത്തിയ പിന്‍വലിക്കുന്ന കാര്യത്തില്‍ തല്‍ക്കാലം ഇടപെടേണ്ടെന്ന് നിലപാടില്‍ മുഖ്യമന്ത്രി. ഇടതുനയത്തിന് വിരുദ്ധമായ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയ്ക്കകത്ത് നിന്നുപോലും ശക്തമായ രാഷ്ട്രീയസമ്മര്‍ദ്ദം ഉണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഇടപെടുന്നത് ദോഷകരമാകുമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.

യു.എ.പി.എ വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയതാണെങ്കിലും പ്രതികളായ യുവാക്കള്‍ക്ക് മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നിരീക്ഷിച്ച പശ്ചാത്തലത്തിലാണ് നിലപാട് മാറ്റം. യു.എ.പി.എ വകുപ്പ് ചുമത്തിയത് നിയമാനുസൃതമാണോയെന്ന് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ഐ.ജിയുടെ റിപ്പോര്‍ട്ടും എതിരായതും മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിന് പ്രേരണയായിട്ടുണ്ട്. അന്തിമകുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് കേസ് യു.എ.പി.എ പരിശോധനാ സമിതിയുടെ മുന്നില്‍ വരും.സമിതിയുടെ നിലപാട് അനൂകൂലമായാല്‍ മാത്രമേ പ്രതികള്‍ക്ക് യു.എ.പി.എ വകുപ്പില്‍ നിന്ന് രക്ഷകിട്ടൂ.

അന്വേഷണത്തിന്റെ ഘട്ടത്തില്‍ യു.എ.പി.എ പിന്‍വലിക്കാന്‍ പോയാല്‍ കേസ് ദുര്‍ബലമാകും എന്നാണ് സംസ്ഥാന പൊലിസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയും മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. യു.എ.പി.എ പിന്‍വലിച്ചാല്‍ മാര്‍ക്‌സിസ്റ്റ് ബന്ധമുളളവരെ രക്ഷിച്ചു, മാവോയിസ്റ്റുകളോട് ഔദാര്യം കാട്ടി എന്നൊക്കെയുളള ആക്ഷേപങ്ങള്‍ സര്‍ക്കാരിന് എതിരെ ഉയരും. ഇത് ബി.ജെ.പി ദേശിയതലത്തില്‍ പ്രചാരണവിഷയമാക്കുമെന്നും മുഖ്യമന്ത്രിയ്ക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്.

യു.എ.പി.എ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കേന്ദ്ര ഇടപെടലിന് സാധ്യതയുണ്ടെന്ന ആശങ്കയും പൊലിസ് മേധാവി മുഖ്യമന്ത്രിയോട് പങ്കുവെച്ചിട്ടുളളതായാണ് സൂചന.യു.എ.പി.എ ചുമത്തിയത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ ഹിന്ദു ഐക്യവേദിയെ പോലെയുളള സംഘപരിവാര്‍ സംഘടനകള്‍ നിയമവഴി തേടാന്‍ ഒരുങ്ങുന്നതായും പൊലിസ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇടപെടാന്‍ ആലോചിച്ച മുഖ്യമന്ത്രി തന്ത്രപരമായി പിന്‍വാങ്ങിയത്.

യു.എ.പി.എ നിയമത്തിന്റെ സെക്ഷന്‍ 42 പ്രകാരം രൂപീകരിച്ചാണ് നിരീക്ഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നത്.യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസെക്രട്ടറിയായിരുന്നു സമിതിയുടെ അദ്ധ്യക്ഷനെങ്കില്‍ ഈ സര്‍ക്കാര്‍ മുന്‍ നിയമസെക്രട്ടറിയും ഹൈകോടതി ജഡ്ജിയായി വിരമിച്ച പി.എസ് ഗോപിനാഥനെയാണ് ചുമതല ഏല്‍പ്പിച്ചത്.യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ അന്തിമകുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പാണ് വിഷയം സമിതിയുടെ പരിശോധനയ്ക്ക് വരേണ്ടത്.സമിതിയില്‍ അഭ്യന്തര-നിയമവകുപ്പ് പ്രതിനിധികളുമുണ്ട്.സമിതിയുടെ നീരിക്ഷണത്തില്‍ യു.എ.പി.എ ചുമത്തിയത് പര്യാപ്തമല്ലെന്ന് തോന്നിയാല്‍ വകുപ്പ് പിന്‍വലിക്കേണ്ടി വരും.ഈ സര്‍ക്കാര്‍ വന്നശേഷം ആറ് കേസുകളില്‍ യു.എ.പി.എ പിന്‍വലിച്ചിരുന്നു.മുഖ്യമന്ത്രി കൈവിട്ട സാഹചര്യത്തില്‍ ഈ ചരിത്രത്തില്‍ മാത്രമാണ് പ്രതികള്‍ക്ക് ഇനി പ്രതീക്ഷവെയ്ക്കാനുളളത്.