സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിൽ സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ വിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂവെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

പൊതുപരീക്ഷവഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളും കോളജുകളും തുറക്കണോ എന്ന  കാര്യം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍, ചെറിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികൾ സ്‌കൂളില്‍ പോയി പഠിക്കുക എന്നത് എത്ര കണ്ട് പ്രായോഗികമാകും എന്നകാര്യത്തില്‍ സംശയമുണ്ട്.

Read more

അതേസമയം, രോഗവ്യാപനത്തിന്റെ തോത് നിലവിലെ പോലെ കുറയുന്ന സാഹചര്യമാണ് തുടർന്നും ഉണ്ടാകുന്നതെങ്കിൽ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്ന കാര്യവും അവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.