മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിന് ചെലവ് ഒരു കോടിയോളം; നേരത്തെയുളള വിദേശയാത്രകളുടെ കണക്കുകളും കൃത്യമായി പുറത്തുവിട്ടിട്ടില്ല

മുഖ്യമന്ത്രിയും മന്ത്രിമാരുടെയും വിദേശപര്യടനത്തിന് ചെലവാകുന്നത് ഏകദേശം ഒരു കോടിയോളം രൂപ. ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനുളള യാത്രാക്കൂലി, മന്ത്രിമാരുടെ ഡി.എ, യാത്രയ്ക്ക് വേണ്ടി തയ്യാറാക്കിയ ലഘുലേഖകള്‍, വീഡിയോ പ്രസന്റേഷന്‍, ഉപഹാരങ്ങള്‍ എന്നീയിനങ്ങളിലാണ് ഒരുകോടിയോളം രൂപ ചെലവഴിക്കുന്നത്.

യാത്രാടിക്കറ്റിനും ഡി.എയ്ക്കും പുറമേ കഴിഞ്ഞദിവസം സംഘത്തിലുളള ശുചിത്വമിഷന്‍ ഡയറക്ടര്‍ മീര്‍ മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കാനും ഉത്തരവായിരുന്നു. എന്നാല്‍ സുതാര്യത അവകാശപ്പെടുന്ന സര്‍ക്കാര്‍ യാത്രയുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ശുചിത്വമിഷന്‍ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിക്കാനുളള ഉത്തരവ് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും പെട്ടെന്ന് തന്നെ പിന്‍വലിച്ചു.

സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയിലുളള ജപ്പാന്‍-കൊറിയ സന്ദര്‍ശനം ധൂര്‍ത്താണെന്ന പ്രതിപക്ഷ വിമര്‍ശനം കണക്കിലെടുത്താണ് ഉത്തരവുകള്‍ പരസ്യപ്പെടുത്താന്‍ മടിക്കുന്നത്. മുഖ്യമന്ത്രിയുടെ നേരത്തെയുളള വിദേശയാത്രകളുടെ ചെലവ് കണക്കുകളും ഇതുവരെ കൃത്യമായി പുറത്തുവിട്ടിട്ടില്ല. നിയമസഭയില്‍ ചോദ്യം ഉന്നയിച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

ഈമാസം 23-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഗതാഗത സെക്രട്ടറി കെ. ജ്യോതിലാല്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ മീര്‍ മുഹമ്മദ് എന്നിവര്‍ ജപ്പാന്‍-ദക്ഷിണകൊറിയ സന്ദര്‍ശനത്തിന് പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മന്ത്രി ശശീന്ദ്രന്റെ ഭാര്യ അനിത, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഭാര്യ സോജ ജോസ് എന്നിവരും സംഘത്തിലുണ്ട്്്.

മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ യാത്രാചെലവും സര്‍ക്കാരാണ് വഹിക്കുക. യാത്രയ്ക്കുളള വിമാനടിക്കറ്റുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് വഴിയാണ് ബുക്ക് ചെയ്തത്. കൃത്യമായ ബില്‍ പൊതുഭരണവകുപ്പിന് നല്‍കിയിട്ടില്ലെങ്കിലും യാത്രാ ടിക്കറ്റ് മാത്രം അരക്കോടി രൂപ വരുമെന്നാണ് പ്രാഥമിക കണക്ക്. ടിക്കറ്റ് കൂടാതെ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും 75000 രൂപ വീതം ഡി.എയും നല്‍കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാര്‍ക്ക് നല്‍കുന്ന 75000 രൂപയുടെ ഡി.എ ഇവര്‍ക്ക് ലഭിക്കില്ല. യാത്രാചെലവുകള്‍ കൂടാതെ നിക്ഷേപകരെ കാണുമ്പോള്‍ കൈമാറുന്നതിനുളള ബ്രോഷറുകള്‍, ലഘുലേഖകള്‍ ഹ്രസ്വചിത്രങ്ങള്‍, വിശിഷ്ടവ്യക്തികള്‍ക്ക് നല്‍കുന്നതിനുളള ഉപഹാരങ്ങള്‍ എന്നിവയും തയ്യാറാക്കി കൊണ്ടു പോയിട്ടുണ്ട്.

ബ്രോഷറും മറ്റും തയ്യാറാക്കിയത് സംസ്ഥാനത്തെ പ്രമുഖ പരസ്യഏജന്‍സിയാണ്. യാത്രാചെലവുകള്‍ കൂടാതെ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പണച്ചെലവുണ്ട്. എന്നാല്‍ കേന്ദ്രസാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയുളള യാത്രയായതിനാല്‍ ഈ ചെലവുകളെല്ലാം അതാത് രാജ്യത്തെ സ്ഥാനപതി കാര്യാലയങ്ങള്‍ വഹിക്കും. പിന്നീട് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന കേന്ദ്ര ഗ്രാന്റില്‍ നിന്ന് കുറവ് ചെയ്യുമെന്ന് മാത്രം. മുഖ്യമന്ത്രിയോടൊപ്പമുളള സംഘത്തില്‍ അല്ലെങ്കിലും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യസെക്രട്ടറി രാജന്‍ ഖോബ്രഗഡെയും വിദേശപര്യടനത്തിലാണ്. അയര്‍ലണ്ട്, സ്വിറ്റ്സര്‍ലന്റ് എന്നീ രാജ്യങ്ങളിലാണ് ആരോഗ്യമന്ത്രി സന്ദര്‍ശിക്കുന്നത്.