പൊലീസ് നിയമഭേദഗതി: ആശങ്കകൾക്ക് അടിസ്ഥാനമില്ല, അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി

പുതിയ പൊലീസ് ആക്ടിലെ ഭേദഗതിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.

സൈബർ മാധ്യമം എന്ന് പരാമർശിക്കാതെ എല്ലാ വിനിമയോപാധികൾക്കും ബാധകമെന്ന് വ്യക്തമാക്കി വിഞ്ജാപനം പുറത്തിറങ്ങി. വ്യാജ വാർത്തയെന്ന് ആര് പരാതി നൽകിയാലും ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കാൻ നിയമഭേദഗതിയോടെ പൊലീസിന് അധികാരമായി.

ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങൾ അനുഭവിക്കുന്നുണ്ട്. അസത്യം മുതൽ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകർക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താൽപര്യങ്ങൾ, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകർക്കുന്ന വിധത്തിലുള്ള പ്രതികാര നിർവഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.