ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് പൊലീസിന്റെ കാര്യക്ഷമത കൂട്ടാന്‍: മുഖ്യമന്ത്രി

ഹെലികോപ്റ്റര്‍ വിവാദത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് പൊലീസിന്റെ കാര്യക്ഷമത കൂട്ടാനാണെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഹെലികോപ്റ്റര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണിത്. നിരക്കില്‍ കാര്യമില്ല. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജപ്പാന്‍, കൊറിയ സന്ദര്‍ശനം വിജയമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ജപ്പാനില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. കേരളത്തിന്റെ യുവജനതയെ മുന്നില്‍ക്കണ്ടുള്ള യാത്രയാണ് നടത്തിയത്. ജപ്പാനില്‍ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടത്തിയ ഓരോ കൂടിക്കാഴ്ചയും കേരളത്തിലെ യുവാക്കള്‍ക്ക് ഗുണകരമാകും.

കേരളത്തിന്റെ വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് വിവിധ മേഖലകളിലെ വികസനത്തിന് സന്ദര്‍ശനം ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദര്‍ശനം നടത്തിയപ്പോഴൊക്കെ അത് ഗുണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം വിദേശ സന്ദര്‍ശനം നടത്തിയത് കേരളത്തിലെ യുവജനങ്ങളെ മുന്നില്‍ കണ്ടാണെന്നും വിശദീകരിച്ചു. ജപ്പാനിലെ വ്യവസായികള്‍ക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജാപ്പനീസ് കമ്പനിയായ നീറ്റ ജലാറ്റിന്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തും. ടെറുമോ കോര്‍പറേഷന്‍ 105 കോടിയുടെ നിക്ഷേപം നടത്തും. ലോകത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന ബ്ലഡ് ബാഗുകളുടെ 10 % കേരളത്തില്‍ നിന്നാകും. തോഷിബ ലിത്തിയം ടൈറ്റാനിയം ബാറ്ററി സാങ്കേതികവിദ്യ കേരളത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.