കേരളത്തിന്റെ നേട്ടങ്ങളിൽ പലർക്കും അസ്വസ്ഥത; വസ്തുതകൾ മറച്ചുകൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി

കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടങ്ങള്‍ പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. എന്നാൽ അവരിൽ നിന്നും ആരിലേക്കും രോഗം പടരാതെ നോക്കാൻ സാധിച്ചത് നാം സ്വീകരിച്ച ജാഗ്രത കൊണ്ടാണ്.

എന്നാൽ വസ്തുതകൾ മറച്ചു കൊണ്ട് കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം രാജ്യാന്തര പുരസ്കാരങ്ങൾ തേടിപ്പോയിട്ടില്ലെന്നും അപേക്ഷ നൽകിയിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഓണാവധിക്കാലത്ത് വളരെയേറെ ഇളവ് അനുവദിച്ചു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. വളരെ ചെറിയ ഇളവു മാത്രമാണ് നൽകിയത്. നിരവധി മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നു.

രാജ്യത്തേറ്റവും ആദ്യം കോവിഡ് പ്രോട്ടോക്കോളുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ആരേക്കാളും മുമ്പ് പൊതുപ്രചാരണവും ബോധവത്കരണവും നാം നടത്തി. രണ്ടാം ഘട്ടത്തിൽ ഇറ്റലിയിൽ നിന്നും രോഗം കേരളത്തിലെത്തുകയും പലരിലേക്കും പടരുകയും ചെയ്തു.

തുടർന്ന് നമ്മൾ ബ്രേക്ക് ദ ചെയിൻ കൊണ്ടു വന്നു. ദേശീയ ലോക്ക്ഡൗണിന് മുമ്പേ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.