പടക്കം കടിച്ച് ആന ചരിഞ്ഞതിൽ കുറ്റവാളിക്ക് ശിക്ഷ ഉറപ്പാക്കും; വെറുപ്പ് പ്രചരിപ്പുക്കുന്നത് ദുഃഖകരമെന്ന് മുഖ്യമന്ത്രി

പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ കുറ്റവാളിക്ക് ശിക്ഷ ഉറപ്പാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് കേസിന്റെ പേരിൽ വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് ദുഃഖകരം. ആനയുടെ മരണത്തിലേക്ക് ചിലർ മതത്തെ പോലും വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അനീതിക്കെതിരായ നടക്കുന്ന പ്രതിഷേധങ്ങളെ മാനിക്കുന്ന ഒരു സമൂഹമാണ് കേരളം. അനീതിക്കെതിരെ എപ്പോഴും നമ്മുടെ ശബ്ദമുണ്ടാകും. എല്ലായ്പ്പോഴും, എല്ലായിടത്തും അനീതിക്കെതിരെ പോരാടുന്ന ആളുകൾ ആയിരിക്കട്ടെ നമ്മളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, പാലക്കാട് തിരുവിഴാംകുന്ന് പൈനാപ്പിളിൽ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖം തകർന്ന് ഗർഭിണിയായ പിടിയാന ചരിഞ്ഞ കേസിൽ സ്വകാര്യ തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. ഉന്നത വനം ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊപ്പം പൊലീസും പ്രതികൾക്കായി വലവിരിച്ചു. ചിലരെ ചോദ്യം ചെയ്ത് വരികയാണ്. വനം ജീവനക്കാർക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.‍