മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്സിൻ സ്വീകരിക്കും; സംസ്ഥാനം സജ്ജമായെന്ന് ആരോ​ഗ്യമന്ത്രി

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

വാക്‌സിനേഷനായി സംസ്ഥാനം സജ്ജമായി കഴിഞ്ഞെന്നും പ്രധാനമന്ത്രി വാക്‌സിൻ സ്വീകരിച്ചതിൽ സന്തോഷമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

വാക്‌സിനേഷൻ സംബന്ധിച്ച ആശങ്കകൾ അകറ്റി നിർത്തുന്നതിനായി ആദ്യം കുത്തിവെയ്പ്പെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അവസരം വരാൻ കാത്തിരിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഇന്ന് ആരംഭിച്ച രണ്ടാം ഘട്ട വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളിൽ ഉള്ള മറ്റ് രോഗങ്ങൾ ഉള്ളവരുടെയും കോവിഡ് വാക്സിനേഷൻ തുടങ്ങി.

സംസ്ഥാനത്ത് സ്വയം രജിസ്റ്റർ ചെയ്യാൻ ആകാത്തവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ അവിടെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ മേഖലയിൽ സൗജന്യമായി നൽകുന്ന വാക്സിന് സ്വകാര്യ ആശുപത്രികളിൽ 250 രൂപ നൽകണം.