മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഗവര്‍ണര്‍

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്നും ആരും ഉത്തരവാദിത്വം മറക്കരുതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരയുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്‍റേത്. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ചിലത് നാക്കുപിഴയാകാമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഡല്‍ഹിയില്‍ പറഞ്ഞു.

സജി ചെറിയാന്‍ നിലപാട് വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമായി. ഭരണഘടനയില്‍ ഭേദഗതി ആവാമെന്ന് ശില്‍പികള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. സജി ചെറിയാന്‍ രാജിവയ്‌ക്കേണ്ടെന്ന നിലപാടില്‍ തന്നെയാണ് സിപിഎം നേതൃത്വം.

മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് പരാതി നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ പത്തനംതിട്ട എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം ബിജെപി പ്രതിനിധി സംഘവും പരാതിയുമായി ഗവര്‍ണറെ സമീപിച്ചു.

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. അസമത്വങ്ങള്‍ക്ക് എതിരെ നിയമപോരാട്ടത്തിന് രാജ്യത്ത് നിയമങ്ങളില്ല.

സാമൂഹികനീതി നിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഃഖവുമുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍റെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.