മീഡിയ വണ്ണില്‍ നേതൃമാറ്റം, സിഎല്‍ തോമസിന് പകരം ഇനി രാജീവ് ദേവ് രാജ് എഡിറ്റര്‍ ഇന്‍ ചീഫ്

കേരളത്തിലെ പ്രധാന വാര്‍ത്ത ചാനലുകളിലൊന്നായ മീഡിയ വണ്‍ ചാനലില്‍ നേതൃമാറ്റം. എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന സിഎല്‍ തോമസ് മീഡിയ വണ്ണില്‍ നിന്നും വിരമിച്ചു. പകരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ദേവ് രാജ് ആണ് പുതിയ എഡിറ്റര്‍ ഇന്‍ ചീഫ്.

2013ല്‍ മീഡിയ വണ്‍ തുടങ്ങിയ കാലം മുതല്‍ സിഎല്‍ തോമസായിരുന്നു മീഡിയ വണ്ണിന്റെ എഡിറ്റര്‍ ഇന്‍ ചീഫ. ദേശാഭിമാനി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമ സ്ഥാപങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം മീഡിയവണ്ണിലെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയവണ്ണിനെ കേന്ദ്ര സര്‍ക്കാര്‍ 48 മണിക്കൂര്‍ നേരത്തേയ്ക്ക് നിരോധിച്ചപ്പോള്‍ ധീരമായ നിലപാടെടുത്ത് സിഎല്‍ തോമസ് ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.

ന്യൂസ് 18 കേരളത്തില്‍ നിന്ന് എഡിറ്റര്‍ സ്ഥാനം രാജിവെച്ചാണ് രാജീവ് ദേവ് രാജ് മീഡിയ വണ്ണില്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. സൂര്യ ടിവിയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ച ദേവ് രാജ് കൈരളി ന്യൂസ്, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ് എന്നീ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനോരമ ന്യൂസില്‍ ദേവ് രാജിന്റെ പറയാതെ വയ്യ എന്ന പ്രോഗ്രാം ഏറെ പ്രേക്ഷക ശ്രദ്ധ പടിച്ചുപറ്റിയിരുന്നു.

നിലവില്‍ ബാര്‍ക്ക് റേറ്റിംഗില്‍ ആറാം സ്ഥാനത്താണ് മീഡിയ വണ്‍. ഏഷ്യനെറ്റ് ന്യൂസ്, 24, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 കേരള എന്നിവയാണ് മീഡിയ വണ്ണിന് മുകളിലുളള മറ്റ് ചാനലുകള്‍.