നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ല; സർക്കാർ ആവശ്യം കോടതി തള്ളി

നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. പൊതുതാത്പര്യം പരിഗണിച്ച് കേസ് പിൻവലിക്കണമെന്നായിരുന്നു സർക്കാരിൻറെ ആവശ്യം.

ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവടക്കം നൽകിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി.ജലീൽ തുടങ്ങിയവർ പ്രതികളായ കേസാണ് പിൻവലിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.

2015 മാർച്ച് 13- നാണ് കെ.എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ കൈയാങ്കളി നടന്നത്. ആറ് ഇടതുപക്ഷ എം.എൽ.എമാർക്ക് എതിരെയാണ് കേസ്. സഭയ്ക്കുള്ളിൽ അക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു എം.എൽ.എമാരുടെ പ്രതിഷേധം. പ്രതിഷേധം കൈയാങ്കളിയിലേക്കും സംഘർഷത്തിലേക്കും നീങ്ങിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.