'നക്‌സലൈറ്റ് ആകാതിരിക്കാന്‍ സുശീലയുടെ കത്തുകള്‍ കൊണ്ട് ഇഎംഎസ് എകെജിയെ ഭീഷണിപ്പെടുത്തി' - വെളിപ്പെടുത്തലുമായി സിവിക് ചന്ദ്രന്‍

വിടി ബല്‍റാം ഉയര്‍ത്തിവിട്ട വിവാദ എകെജി പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ആരോപണവുമായി സാമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍. കേരളത്തില്‍നിന്ന് ആദ്യം നകസലൈറ്റ് ആകേണ്ടിയിരുന്ന വ്യക്തിയാണ് എകെജിയെന്നും അങ്ങനെ ആകാതിരിക്കാന്‍ ഇഎംഎസ് എകെജിയെ സുശീലയുടെ കത്തുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ബല്‍റാം വിവാദവുമായി ബന്ധപ്പെട്ട് സിവിക് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ബ്ലോക്കായിരുന്നു. ഇതേക്കുറിച്ച് പ്രതികരണം ആരായാന്‍ വിളിച്ച മാതൃഭൂമിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സിവിക് ചന്ദ്രന്‍ പറഞ്ഞത് ഇങ്ങനെ

ഗാന്ധിജി മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവരെ കുറിച്ച് യാതൊരു പ്രകോപനവും കൂടാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്യൂണിസ്റ്റുകാര്‍. സൈബര്‍ ഗുണ്ടകള്‍ നടത്തിവന്ന ആക്രമണത്തിനിടയിലാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാകുന്നത്. സഹികെട്ട ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരന്റെ ഉത്തരവാദിത്വമില്ലാത്ത പ്രതികരണമായി മാത്രമേ ഞാന്‍ വി.ടി ബല്‍റാമിന്റെ പ്രതികരണത്തെ കണ്ടിട്ടുള്ളൂ. അതാകട്ടെ, ഫേസ്ബുക്കില്‍ സഹജമാംവിധം ധൃതിപിടിച്ചു ചെയ്തതാണ്. അത് ഉത്തരവാദിത്വമുള്ള ഒരു ഇടപെടലല്ല. പ്രായത്തിലുള്ള വ്യത്യാസം ബാലലൈംഗിക പീഡനമാകുന്നില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ എത്രയോ പേര്‍ക്കെതിരെ ഇത് പറയേണ്ടിവരും. അലസമായി ചെയ്തതിന്റെ പിശകായിരിക്കാം ബലരാമിന്റെ അത്തരമൊരു പരാമര്‍ശം. അത് തിരുത്താന്‍ അയാളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയോ അയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാം. അതല്ലാതെ, എംഎല്‍എ എന്ന നിലയില്‍ അയാള്‍ ലോക കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്നും കോണ്‍ഗ്രസുകാര്‍ക്ക് വിവരമില്ലെന്നും മറ്റുമുള്ള തരത്തില്‍ പറഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല.

ബല്‍റാമിന്റെ വിഷയത്തില്‍ ഉയര്‍ന്നുവന്ന സംവാദം മറ്റുചില കാര്യങ്ങള്‍ കൂടി ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരുന്നുണ്ട്. എകെജി സുശീലയ്ക്ക് അക്കാലത്തെഴുതിയ കത്തുകള്‍ പിന്നീട് എകെജിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഇഎംഎസ് ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ കേരളത്തില്‍ ആദ്യം നക്സലൈറ്റ് ആകേണ്ട ആളായിരുന്നു എ.കെ ഗോപാലന്‍. അക്കാലത്ത് നക്സലൈറ്റ് അനുകൂല ലഘുലേഖകള്‍ ഇവിടെ കൊണ്ടുവന്ന് തര്‍ജമ ചെയ്ത് വിതരണം ചെയ്യാന്‍ നേതൃത്വം കൊടുത്തത് എകെജിയായിരുന്നു. അക്കാലത്തെ എകെ ഗോപാലന്റെ ശിഷ്യന്‍മാരാണ് തലശ്ശേരി, പുല്‍പ്പള്ളി നക്‌സല്‍ ആക്രമണങ്ങള്‍ നടത്തിയത്. അങ്ങനെ നക്സലിസത്തേലേയ്ക്ക് പോവേണ്ടിയിരുന്ന എകെജിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ പഴയ കത്തുകള്‍ ഇഎംഎസ് ഉപയോഗിക്കുകയായിരുന്നു. എകെജി നക്സലൈറ്റ് ആയാല്‍ നിങ്ങളുടെ ജീവിതം തുലഞ്ഞുപോകും എന്നുപറഞ്ഞ് ഇഎംഎസ് ആദ്യം സുശീലയെ പേടിപ്പിച്ചു. കൂടാതെ എകെജി എഴുതിയ കത്തുകള്‍ സുശീലയില്‍നിന്ന് വാങ്ങി. പിന്നീട് ഇതുവെച്ച് എകെജിയെ ബ്ലാക്മെയില്‍ ചെയ്യുകയും എകെജിയെ അതില്‍നിന്ന് പിന്‍തിരിപ്പിക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മറ്റൊന്നായിത്തീരുന്നതിന് ഈ കത്തുകള്‍ ഉപയോഗിക്കുകയായിരുന്നു ഇഎംഎസ് ചെയ്തത്. ആ കത്തുകള്‍ കണ്ണൂരിലെ ഏതോ ഒരു വായനശാലയിലുണ്ട്.

കമ്യൂണിസ്റ്റുകളുടെ ഒളിവുജീവിതം പൂര്‍ണമായും വിശുദ്ധപുസ്തകമൊന്നുമല്ല. ആര്‍. സുഗതനെ വെച്ചാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ “അഞ്ചുസെന്റ്” എന്ന നോവല്‍ എഴുതുന്നത്. കെ.ആര്‍ ഗൗരി ടിവി തോമസിനെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൗരിയെ വിവാഹം കഴിക്കുന്നതിനു മുന്‍പേ ടിവി തോമസിന് മറ്റൊരു വിവാഹത്തില്‍ കുഞ്ഞുണ്ട്. ആ കുഞ്ഞിന് ജോലി കൊടുത്തതിനെക്കുറിച്ചൊക്കെ ഗൗരിയമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. മാര്‍ക്സിനുതന്നെ വേലക്കാരിയില്‍ ഒരു കുഞ്ഞുണ്ട്. ഏംഗല്‍സാണ് പിന്നീട് ആ കുഞ്ഞിനെ വളര്‍ത്തിയത്. ഇത്തരം ധാരാളം കഥകള്‍ കമ്യണിസ്റ്റുകളുമായി ബന്ധപ്പെട്ടുകൊണ്ട് പറയാനുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടായിരിക്കെ തിരിച്ച് മറ്റൊന്നും പറയാനാവില്ല എന്നുള്ളത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാസിസമാണ്.

അവര്‍ അവകാശപ്പെടുന്നതുപോലെ കേരളം കമ്യൂണിസ്റ്റുകളുടെയോ മതേതര വാദികളുടെയോ സ്വയംപ്രഖ്യാപിത റിപ്പബ്ലിക് ഒന്നും ആയിട്ടില്ലെന്ന് യാഥാര്‍ഥ്യം പരിശോധിച്ചാല്‍ മനസ്സിലാകും. അപ്പോള്‍ സ്വാഭാവികമായും ഇത്തരം കാര്യങ്ങളെക്കുറിച്ച് വീണ്ടുവിചാരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇത്തരം അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല.