കെ.എസ്.ഇ.ബിയില്‍ അംഗീകാരമുള്ള യൂണിയന്‍ സി.ഐ.ടി.യു മാത്രം; ഹിതപരിശോധനയിൽ വൻവിജയം

കെഎസ്ഇബിയില്‍ നടന്ന അഞ്ചാമത് ഹിതപരിശോധനയില്‍ ചരിത്ര വിജയം നേടി സിഐടിയു. ഏഴ് യൂണിയനുകള്‍ മത്സരിച്ച ഹിതപരിശോധനയില്‍ 53 ശതമാനത്തിലധികം വോട്ടുകള്‍ നേടി കെഎസ്ഇബിയിലെ ഏക അംഗീകൃത യൂണിയനായി മാറിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു).

2015ലാണ് നേരത്തെ ഹിതപരിശോധന നടത്തിയത്. അന്ന് അംഗീകാരം ലഭിച്ച ഐ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി എന്നീ യൂണിയനുകള്‍ക്ക് ഇത്തവണ അംഗീകാരം നഷ്ടമായി. 76 ബുത്തുകളിലായാണ് ഇപ്രാവശ്യം തിരഞ്ഞെടുപ്പ് നടന്നത്. കാക്കനാട് സിവില്‍ സ്റ്റേഷനിലെ ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ ഇന്ന് രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ രണ്ടുമണിക്കാണ് പൂര്‍ത്തിയായത്. കെ.എസ്.ഇ.ബിയെ പൊതുമേഖലയില്‍ സംരക്ഷിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് സി.ഐ.ടി.യു ഹിതപരിശോധനയില്‍ പങ്കെടുത്തത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് യൂണിയന്‍ , കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) , കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) , യൂണൈറ്റഡ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫ്രന്റ് , കേരള ഇലക്ട്രിസിറ്റി എക്സിക്യുട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ , ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ യൂണിയനുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.