കര്‍ദ്ദിനാള്‍ ആലഞ്ചേരി ഒന്നാംപ്രതിയായ കോടികളുടെ ഭൂമി ഇടപാട് കേസ് ഒത്തുതീര്‍പ്പിലേക്ക്; വ്യാജരേഖാ കേസ് പിന്‍വലിച്ച് ഭൂമി ഇടപാട് കേസുകള്‍ ഇല്ലാതാക്കാന്‍ ആലഞ്ചേരി പക്ഷം

സിറോ മലബാര്‍ സഭയിലെ വിവാദമായ കോടികളുടെ ഭൂമി ഇടപാട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പക്ഷവും. ഇതിനായി ആലഞ്ചേരിയുടെ എതിര്‍ചേരിയിലുള്ള പ്രമുഖ വൈദികര്‍ ഉള്‍പ്പെട്ട വ്യാജരേഖാ കേസ് പിന്‍വലിക്കണമെങ്കില്‍ ആലഞ്ചേരിക്കെതിരെ നല്‍കിയ ഭൂമി ഇടപാട് കേസുകള്‍ പിന്‍വലിക്കണമെന്ന നിബന്ധനനയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാ. പോള്‍ തേലക്കാട്, ഫാ. ടോണി കല്ലൂക്കാരന്‍, ഐഐടി ഗവേഷക വിദ്യാര്‍ത്ഥി ആദിത്യന്‍ എന്നിവര്‍ക്കെതിരെയാണ് വ്യാജരേഖാ കേസ്.

വ്യാജരേഖാ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും രണ്ടും പ്രതികളായ ഫാ.പോള്‍ തേലക്കാട്ടും ബിഷപ്പ് ജേക്കബ് മനത്തോടത്തും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ആലഞ്ചേരി പക്ഷം രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറല്ലെന്നും തങ്ങളുടെ പോരാട്ടം സഭയിലെ അനീതിക്കും അഴിമതിക്കും എതിരെയാണെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു. ഭൂമി ഇടപാട് കേസിലും വ്യാജരേഖാ കേസിലും സത്യം തങ്ങളുടെ പക്ഷത്താണെന്നും താമസിയാതെ ഇത് പുറത്തു വരുമെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു. വ്യാജരേഖാ കേസില്‍ ഐഐടി വിദ്യാര്‍ത്ഥിയായ ആദിത്യയ്ക്ക് ഏറ്റ കസ്റ്റഡി മര്‍ദ്ദനത്തിന് ആരു സമാധാനം പറയുമെന്ന് ചോദിച്ച വൈദികര്‍ ആദിത്യക്കും വൈദികര്‍ക്കും നീതി ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്നും പ്രതികരിച്ചു.

ഭൂമി വില്‍പ്പന ഇടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതക്ക് 27 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് ആലഞ്ചേരിക്കും കൂട്ടര്‍ക്കും എതിരെയുള്ള കേസ്. സഭക്കുണ്ടായ കടം വീട്ടാന്‍ നഗരത്തില്‍ അഞ്ചിടങ്ങളിലായി മൂന്ന് ഏക്കര്‍ ഭൂമി സെന്റിന് 9 ലക്ഷം രൂപ നിരക്കില്‍ 27 കോടി രൂപക്ക് വില്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപക്ക് വില്‍പന നടത്തി. സഭക്ക് 9.5 കോടി രൂപ മാത്രമാണ് കൈമാറിയത്. ആലഞ്ചേരി ഒന്നാം പ്രതിയായ കേസില്‍ സഭയുടെ രണ്ടാംപ്രതി ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ അടക്കം 24 പ്രതികളാണ് ഉള്ളത്. പണാപഹരണം, കളവുപറയല്‍, ഗൂഢാലോചന എന്നീ ഐപിസി സെക്ഷന്‍ 406, 423, 120 (ബി) വകുപ്പുകള്‍ ഉള്‍പ്പെടുത്തി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

ഭൂമി ഇടപാട് കേസിലെ എഫ്.ഐ.ആര്‍

ഭൂമി കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മ്മിച്ചുവെന്ന ആരോപണം ഉയരുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ആദിത്യയെ പോലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് ആദിത്യ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച മജിസ്‌ട്രേറ്റ് സ്വമേധയാ പോലീസുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആദിത്യ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയും ബുധാഴ്ച ജാമ്യം നേടുകയും ചെയ്തു. ജില്ലാ കോടതിയിലും പോലീസുകാര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

അതേസമയം പണാപഹരണം, കളവുപറയല്‍, ഗൂഢാലോചന എന്നീ ക്രിമിനല്‍ കേസുകളില്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നും ഇതിന് നിയമസാധുതയില്ലെന്നും നിയമവിദഗ്ധര്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചു.