മത്തായിയുടെ മരണം; വനംവകുപ്പിലെ എട്ട് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റി

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ എട്ട് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റി. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റം.

കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള സി.സി.എഫിന്റെ നടപടി.

റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർമാരായ എൻ. സന്തോഷ്, ടി. അനിൽ കുമാർ, ലക്ഷ്മി തുടങ്ങിയ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.

മരിച്ച മത്തായിയുടെ സംസ്കാരം നടത്തണമെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം നിലപാട് സ്വീകരിച്ചിരുന്നു.

കുടപ്പനയിൽ വന്യമൃഗസാന്നിദ്ധ്യം അറിയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകർത്തെന്നും ഫാമിലെ മാലിന്യം വനത്തിൽ തള്ളുന്നെന്നും ആരോപിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്കാണ് മത്തായിയെ വനപാലകർ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളിൽ മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.