ചിപ്‌സ് മോഷ്ടിച്ചു; വയനാട്ടില്‍ നവോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാര്‍ക്ക് സീനിയേഴ്‌സിന്റെ മര്‍ദ്ദനം

ബാഗിലുണ്ടായിരുന്ന ചിപ്‌സ് മോഷ്ടിച്ചെന്നാരോപിച്ച് വയനാട്ടില്‍ ഒമ്പതാം ക്ലാസുകാരെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. ലക്കിടി ജവാഹര്‍ നവോദയ സ്‌കൂളിലാണ് സംഭവം. ആറ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ ഏഴ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. തിങ്കളാഴ്ച്ച രാത്രി ഹോസ്റ്റലില്‍ വെച്ചാണ് മര്‍ദ്ദിച്ചത്.

പരിക്കേറ്റ നിലയില്‍ ആറ് വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കഴിക്കാന്‍ കൊണ്ടുവന്നിരുന്ന ചിപ്സ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എടുത്തെന്നാരോപിച്ച് ഡോര്‍മിറ്ററിയുടെ മുകള്‍ നിലയിലേക്ക് കൂട്ടികൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. മുഖത്തും കഴുത്തിലും അടിച്ചു. കാല്‍ മുട്ടില്‍ നിര്‍ത്തി ബക്കറ്റുകാണ്ട് തലയ്ക്കടിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒടുവില്‍ ചൊവ്വാഴ്ച്ച രാത്രി മര്‍ദ്ദനമേറ്റവരില്‍ ഒരാള്‍ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യാലയത്തിലെത്തി പരാതി നല്‍കുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായതായും അവര്‍ ആരോപിച്ചു.
രക്ഷിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഹോസ്റ്റര്‍ അധികൃതര്‍ വൈത്തിരി പൊലീസിനെ സംഭവം അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വൈത്തിരി പൊലീസും പറഞ്ഞു.