നെറികേടുകൾ കാണിക്കരുത്, ശരിയായ മാർഗത്തിലുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടത്: മുഖ്യമന്ത്രി

പ്രതിപക്ഷം തന്റെ രാജി മാത്രമല്ല, താൻ ഈ സ്ഥാനത്ത് ഉണ്ടാകരുത് എന്നല്ലേ ആഗ്രഹിക്കുന്നത്, അത് സ്വാഭാവികമല്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് ഓൺലൈൻ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഷ്ട്രീയത്തിൽ ഒരാൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ആ മുഖ്യമന്ത്രി സ്ഥാനത്ത് അയാൾ ഉണ്ടാവരുത് എന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നതിന് അവരെ മറ്റെന്തെങ്കിലും പറയാൻ പറ്റുമോ. പക്ഷെ അതിന് സാധാരണ നിലയിൽ നെറികേടുകൾ കാണിക്കരുത് അതിനു വേണ്ടത് ശരിയായ മാർഗ്ഗം സ്വീകരിക്കൽ ആണ്. ശരിയായ മാർഗ്ഗം സ്വീകരിച്ച് കൊണ്ടുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടത്. സ്വീകരിച്ച നടപടികളിൽ ഇന്ന പിശകുകൾ പറ്റി എന്ന് ജനങ്ങളോട് പറഞ്ഞ് ബോദ്ധ്യപ്പെടുത്തുക. അല്ലാതെ ഭാവനയിൽ ഒരു കാര്യം കെട്ടിച്ചമച്ച് അതിലൂടെ ആക്ഷേപങ്ങൾ ഉന്നയിച്ച് അങ്ങനെ പുറത്തു ചാടിച്ചുകളയാം എന്നുവെച്ചാൽ അതൊന്നും നടക്കുന്ന കാര്യം അല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാനത്തിന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ആ സഹായം ഉറപ്പു നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് ഇന്നത്തെ നിയമ വ്യവസ്ഥ വെ ച്ച് നേരിട്ട് കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. സഹായം വേണമെന്ന് കേന്ദ്രം അറിയിച്ചാൽ മാത്രമേ സംസ്ഥാനത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ പറ്റൂ. സ്വർണ കള്ളക്കടത്ത് നമ്മുടെ നാടിൻറെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഒന്നാണ് ഇത് നാം ഉൾക്കൊള്ളേണ്ടതായിട്ടുണ്ട് എന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ ക്യാബിനറ്റ് കൂടി വിജ്ഞാപനം പുറപ്പെടുവിക്കണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിച്ച മുഖ്യമന്ത്രി, ഈ കാര്യവുമായി ബന്ധപ്പെട്ട് ഏതു അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ്, അതിൽ തീരുമാനം എടുക്കാൻ സംസ്ഥാനത്തിനാവില്ല, തീരുമാനിക്കേണ്ടത് കേന്ദ്രമാണ് എന്ന് പറഞ്ഞു. ഇവിടെ സംസ്ഥാന സർക്കാരിനെതിരെ എന്തെങ്കിലും പ്രശ്നം ഉയർത്തികൊണ്ടു വരാൻ പറ്റുമോ എന്ന് നോക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ പ്രതിപക്ഷം പറയുന്നു എന്നെ ഉള്ളൂ. അത് കുറച്ചു നാൾ പറയട്ടെ ജനങ്ങൾ അത് വിലയിരുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.