ജോസ് കെ മാണിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി തുടങ്ങിയവർ

 

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് ജോസ് കെ മാണി തോല്‍പ്പിച്ചത്. രാജ്യസഭാംഗമായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാവ് ജോസ് കെ മാണിക്ക് അഭിനന്ദനങ്ങൾ എന്ന് പിണറായി വിജയൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജോസ് കെ മാണിക്ക് അഭിവാദ്യങ്ങൾ അറിയിച്ചു. വ്യവസായ മന്ത്രി പി രാജീവ്, റവന്യു മന്ത്രി കെ രാജൻ തുടങ്ങിയവരും ജോസ് കെ മാണിക്ക് ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു.

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 137 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി. മമ്മിക്കുട്ടി എന്നിവർ കോവിസ് ബാധിതരായതിനാല്‍ 97 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ.

എന്നാല്‍, ഒരു വോട്ട് അസാധുവായി. എൽ‌ഡിഎഫിന്റെ ഒരു വോട്ട് പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെടുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണ് വേണ്ടത്. അത്തരത്തിൽ രേഖപ്പെടുത്തിയില്ലെന്നു കാണിച്ച് മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും ഉൾപ്പെടെയുള്ള യുഡിഎഫ് എംഎൽഎമാർ‌ പരാതി ഉയർത്തുകയായിരുന്നു. തുടർന്ന് വോട്ട് അസാധുവായി പ്രഖ്യാപിച്ചു.

യു.ഡി.എഫിന് 41 എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി തോമസ് ചികിത്സയില്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. അതേസമയം, കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ച് വൈകിട്ട് വോട്ടു ചെയ്യാനെത്തിയിരുന്നു.

കേരള കോൺ​ഗ്രസ് എം ചെയർമാനായിരുന്ന ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കേരള കോൺ​ഗ്രസ് എം യുഡിഎഫ് വിട്ട് എൽ.ഡി.എഫിൽ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്ന രീതി വച്ചാണ് സീറ്റ് കേരള കോൺ​ഗ്രസ് എമ്മിന് തന്നെ നൽകിയത്. 2024 വരെയാണു രാജ്യസഭാംഗത്തിന്റെ കാലാവധി.