സര്‍ക്കാര്‍ സര്‍വീസില്‍ എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ജീവനക്കാരുണ്ട്; ഇവര്‍ക്ക് എല്ലാക്കാലവും രക്ഷപ്പെട്ട് നടക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

എങ്ങിനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്ത ജീവനക്കാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയോട് ഒരു വിട്ടുവിഴ്ചക്കും ഇല്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചിലര്‍ അഴിമതിയുടെ രുചിയറിഞ്ഞവരാണ്. എല്ലാക്കാലവും അവര്‍ക്ക് രക്ഷപ്പെട്ട് നടക്കാന്‍ കഴിയില്ല. പിടിക്കപ്പെട്ടാല്‍ അതിന്റെതായ പ്രയാസം നേരിടേണ്ടിവരും. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ല. ചിലര്‍ സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം. എന്നാല്‍ കൂടെയുള്ളവര്‍ അറിയാതെ അഴിമതി സാധ്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളെ ജീവനക്കാര്‍ ശത്രുക്കളായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കയം കൈക്കൂലി കേസിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തുഒ. നവകേരളത്തിന് സുശക്തമായ അടിത്തറ പാകുന്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ സര്‍ക്കാരിന് ഒരു ചുവടുകൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞു- അദ്ദേഹം വ്യക്തമാക്കി.

Read more

ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെ ഫോണ്‍ അടുത്ത മാസം മുതല്‍ യാഥാര്‍ഥ്യമാകും. ഇതോടെ ഇന്റര്‍നെറ്റ് സാന്ദ്രതയോടെ ലഭ്യമാകും.