ഒരു മണിക്കൂര്‍ പോലും മുഖ്യമന്ത്രിയ്ക്ക് തുടരാന്‍ യോഗ്യതയില്ല: കെ. സുധാകരന്‍

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സിപിഎം പിബി ഇടപെടണമെന്നും ആരോപണം തെറ്റാണെന്ന് തെളിയുംവരെ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തില്‍ പങ്കാളിയായിട്ടില്ല. എല്ലാ അഴിമതിയുടെയും ചുരുളുകള്‍ അഴിയുകയാണ്. മുഖ്യമന്ത്രി മാത്രമല്ല കുടുംബവും ഉള്‍പ്പെട്ട കേസാണ്. കേസ് ഒതുക്കി തീര്‍ക്കാന്‍ ബിജെപിയും ശ്രമിച്ചു. ബിരിയാണി പാത്രത്തില്‍ ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണം കടത്തിയത് എന്നുള്ളത് ചരിത്രത്തിലാദ്യമാണ്.

ഒരു മണിക്കൂര്‍ മുഖ്യമന്ത്രിയ്ക്ക് കസേരയില്‍ ഇരിയ്ക്കാന്‍ യോഗ്യതയില്ല. ഇ ഡിയുടെ അന്വേഷണം സുതാര്യമല്ല. നിഷ്പക്ഷമായ അന്വേഷണം വേണം. സിബിഐയോ, ജുഡീഷ്യറിയോ കേസ് അന്വേഷിക്കണം. സ്വപ്നയ്ക്ക് സുരക്ഷ നല്‍കേണ്ടത് കോടതിയാണ്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ഭയപ്പെടുത്തുന്നതാണെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. കൂടുതല്‍ വസ്തുതകള്‍ വൈകാതെ പുറത്തുവരുമെന്നും പലരുടെയും മുഖംമൂടികള്‍ അഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Read more

ബിരിയാണി ചെമ്പ് കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്തുവരും. രാഷ്ട്രീയ ഒത്തുതീര്‍പ്പുകൊണ്ടാണ് അന്ന് അന്വേഷണം നിലച്ചത്. സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.