സംസ്ഥാനത്ത് നടക്കുന്നത് റവന്യുമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള യുദ്ധമെന്ന് പ്രതിപക്ഷ നേതാവ്

സര്‍ക്കാരില്‍ നടക്കുന്നത് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുള്ള യുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനും തമ്മിലുള്ള യുദ്ധം യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. റവന്യൂ മന്ത്രിക്ക് മൂക്കുകയറിടാനാണ് പി എച്ച് കുര്യനെ ഇരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞുകൊണ്ടാണ് കുര്യന്റെ പ്രവര്‍ത്തനം. റവന്യൂ മന്ത്രി അറിയാതെ മൂന്നാറില്‍ യോഗം വിളിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ മുഖ്യമന്ത്രി റവന്യൂ സെക്രട്ടറിയെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കായല്‍ കയ്യേറിയ തോമസ് ചാണ്ടിയെയും കൊട്ടക്കമ്പൂര്‍ ഭൂമി കയ്യേറിയ ജോയ്സ് ജോര്‍ജിനെയും ഭൂനിയമങ്ങള്‍ ലംഘിച്ച പി വി അന്‍വറിനെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നു. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടും. യു ഡി എഫ് പ്രതിനിധി സംഘം ഡിസംബര്‍ ആറാം തീയതി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തും. ഇടുക്കിയിലെ കര്‍ഷകരുടെ വിഷയവും കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറയ്ക്കുന്നതും വെവ്വേറെ വിഷയങ്ങളാണ്. ഇതിനെ കൂട്ടിക്കുഴയ്ക്കരുത്. കേരളത്തില്‍ ഭരണം സ്തംഭനാവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

റവന്യു വകുപ്പ് സ്വീകരിക്കുന്ന നിലപാടുകളുടെ ഉദ്ദേശ്യശുദ്ധിക്കനുസരിച്ച നിലപാടല്ല പി.എച്ച്. കുര്യന്‍ കൈക്കൊള്ളുന്നതെന്ന പരാതി ദീര്‍ഘനാളായി മന്ത്രിക്കും സി.പി.ഐ.ക്കുമുണ്ട്. വകുപ്പില്‍ റവന്യുമന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് ഇടപെടാന്‍ കുര്യന്‍ വഴങ്ങിക്കൊടുക്കുന്നെന്നും ആക്ഷേപമുണ്ട്. ഈ വിശ്വാസം ബലപ്പെടുത്തുന്ന ചില സംഭവങ്ങളുണ്ടായത് അകല്‍ച്ച കൂട്ടി. കുര്യനെ റവന്യുവകുപ്പില്‍നിന്ന് മാറ്റണമെന്ന് മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാകാതെ വന്നതോടെ ആവശ്യം മന്ത്രി എഴുതിയും നല്‍കി. മാറ്റിയില്ലെന്നു മാത്രമല്ല പരിസ്ഥിതിവകുപ്പ് കൂടി നല്‍കാനായിരുന്നു തീരുമാനം. ഇത് സി.പി.ഐ.യെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്.