’69 സീറ്റുകളിൽ സി.പി.എമ്മിന് ബി.ജെ.പി വോട്ടു മറിച്ചു’; ആരോപണത്തിന് മറുപടിയുമായി ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രം​ഗത്ത്.

സംസ്ഥാനത്ത് വ്യാപകമായി നടന്നത് സിപിഐഎം- ബിജെപി വോട്ട് കച്ചവടമാണെന്നും ബിജെപി അക്കൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യു.ഡി.എഫാണെന്നും ചെന്നിത്തല പറഞ്ഞു.

69 സീറ്റുകളിൽ ബിജെപി സിപിഐഎമ്മിന് പ്രകടമായി തന്നെ വോട്ടു മറിച്ചു. ഇക്കാര്യം കണക്കുകളിൽ പ്രകടമാണ്.

നേമത്ത് ബിജെപിക്കെതിരെ കോൺഗ്രസ് നടത്തിയത് കനത്ത യുദ്ധമാണ്. നേമത്തെ 3,305 സിപിഎം വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയി. നേമത്ത് ബിജെപിയെ തളച്ചത് കെ. മുരളീധരൻ ആണെന്നും ചെന്നിത്തല അവകാശപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും വൻരീതിയിലുള്ള വോട്ടു കച്ചവടം നടത്തിയെന്ന് ഇന്നലെയാണ് പിണറായി വിജയൻ ആരോപിച്ചത്.

കാണുന്നതിനേക്കാൾ വലിയ വോട്ടു കച്ചവടമാണ് നടന്നതെന്നും 90 മണ്ഡലങ്ങളിലെ കണക്കുകൾ നിരത്തി കൊണ്ട് പിണറായി പറഞ്ഞു.