അരനൂറ്റാണ്ട് കാലം പുലിവേഷം കെട്ടിയ തൃശൂരിന്റെ സ്വന്തം ചാത്തുണ്ണി ആശാന്‍ വിട വാങ്ങി

50 വര്‍ഷമായി തൃശൂരിന്റെ പുലികളിയുടെ ഭാഗമായിരുന്ന മുതിര്‍ന്ന പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തൃശൂര്‍ കല്ലൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

2017-ല്‍ തൃശ്ശൂരില്‍ വെച്ച് നടത്തിയ പുലികളിക്കിടെ വീണ് കാലിന് പരിക്കേറ്റിരുന്നു. പിന്നീട് ചാത്തുണ്ണി ആശാന് പുലിവേഷം കെട്ടാന്‍ സാധിച്ചിരുന്നില്ല. 2018-ല്‍ പുലിവേഷം കെട്ടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പ്രളയത്തില്‍ പുലികളി ഉപേക്ഷിച്ചതിനാല്‍ അത് സാധിക്കാതെ വരികയായിരുന്നു.

ചാത്തുണ്ണിയാശാന്‍ പുലിവേഷം കെട്ടിത്തുടങ്ങിയത് പതിനാറാം വയസിലാണ്. ഏറ്റവുമധികം പുലിവേഷം കെട്ടിയതിനും പുലികളുടെ കാരണവരായും ചാത്തുണ്ണിക്ക് റെക്കോഡ് ഉണ്ട്. വരയന്‍പുലിയുടെ വേഷമാണ് ചാത്തുണ്ണിക്ക് കൂടുതല്‍ ഇഷ്ടം.

അയ്യന്തോളിലായിരുന്നു നേരത്തെ താമസം. കടബാദ്ധ്യത മൂലം അയ്യന്തോളിലെ വീട് ചാത്തുണ്ണിക്ക് വില്‍ക്കേണ്ടി വന്നു. പിന്നീട് തൃശൂര്‍ കല്ലൂരില്‍ മകന്റെ ഒപ്പമായിരുന്നു താമസിച്ചത്. സാധാരണ പുലികള്‍ കുടവയറും കുലുക്കി എത്തുമ്പോള്‍ ചാത്തുണ്ണിപ്പുലി മെലിഞ്ഞ് ഒട്ടിയ വയറുമായാണ് പുലിവേഷം കെട്ടുന്നത്.