ഗൂഢാലോചന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

സ്വപ്‌ന സുരേഷ് വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയുള്ള ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ല വകുപ്പുകള്‍ കൂടി തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് അറസ്റ്റിന് സാധ്യതയുണ്ടെന്നുംമാണ് സ്വപ്‌ന പറയുന്നത്. അതേസമയം ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലില്‍ ഇഡിയും സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരുടെ അടുത്താണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതെന്ന് തീരുമാനിക്കുമെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ചോദ്യംചെയ്യലിനായി ഇഡിക്ക് മുമ്പില്‍ ഹാജരാകാനാണ് തീരുമാനം.

എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി മൊഴി നല്‍കേണ്ടതുണ്ടെന്നും അതിനാല്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഗൂഡാലോചന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ ആശങ്കയില്ലില്ലെന്നും അവര്‍ പറഞ്ഞു.